കഞ്ചാവ് കടത്തിയത് കല്യാണത്തിന് പണം കണ്ടെത്താനെന്ന് പ്രതി; കോട്ടയത്ത് പിടിച്ചത് 6 കിലോ

Mail This Article
കോട്ടയം ∙ ഒഡീഷയിൽനിന്നും കോട്ടയത്ത് വിൽപനയ്ക്ക് എത്തിച്ച 6.100 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. സന്യാസി ഗൗഡ (32) ആണ് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് പിടിയിലായത്. ഒഡീഷയിലെ ഉൾപ്രദേശങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ആർപിഎഫ്, റെയിൽവേ പൊലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
തന്റെ വിവാഹമാണെന്നും പണം ആവശ്യമുളളതിനാലാണ് കഞ്ചാവ് കടത്തിയതെന്നും പ്രതി എക്സൈസിനോട് പറഞ്ഞു. ഒഡീഷയിൽനിന്നും ട്രെയിൻ മാർഗം കോട്ടയത്ത് എത്തിച്ച കഞ്ചാവ് കൈമാറ്റം ചെയ്യാൻ ആളെ കാത്തുനിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി.രാജേഷ്, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജി.കിഷോർ, അസി. ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാട്ട്, ആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ്, അസി. സബ് ഇൻസ്പെക്ടർ എസ്. സന്തോഷ് കുമാർ, സിപിഒ ശരത് ശേഖർ (ഇന്റലിജൻസ്), സിപിഒ ജോബിൻ, റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി. ജോസഫ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് അസി. ഇൻസ്പെക്ടർമാരായ കെ.ആർ.ബിനോദ്, അരുൺ സി. ദാസ്, പ്രിവന്റീവ് ഓഫിസർ രജിത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സുനിൽകുമാർ, ഒ.എ.അരുൺ ലാൽ, ദീപക് സോമൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.