വന്ദേഭാരത് ട്രെയിനിന് കോഴിക്കോട്ട് സ്വീകരണം

Mail This Article
കോഴിക്കോട് ∙ ട്രയൽ റണ്ണിന്റെ ഭാഗമായി കോഴിക്കോട്ട് എത്തിയ വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണമൊരുക്കി നാട്ടുകാരും ബിജെപി പ്രവർത്തകരും. വൻജനക്കൂട്ടമാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കാത്തുനിന്നത്. തിരൂർ സ്റ്റേഷനിൽനിന്ന് 10.50ന് പുറപ്പെട്ട വന്ദേഭാരത് 11.15ന് ആണ് കോഴിക്കോട് സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. പൂക്കളും കൊടിതോരണങ്ങളുമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം ഒരുക്കി.
ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി കെ.വി.സുധീർ, ഇ.പ്രശാന്ത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും വന്ദേഭാരതിനെ സ്വീകരിച്ചു. കെ–റെയിലുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പരാമർശിച്ച അപ്പക്കഥയെ കളിയാക്കി സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ അപ്പവും വിതരണം ചെയ്തു.
കോഴിക്കോട്ടേക്ക് വന്ദേഭാരത് വന്നത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. 25ന് വന്ദേഭാരത് ഔദ്യോഗികമായി കോഴിക്കോട്ട് എത്തുമ്പോൾ ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുക്കുന്ന സ്വീകരണ പരിപാടി ഒരുക്കുമെന്നും വി.കെ.സജീവൻ പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പ്രഖ്യാപനവും അന്ന് പ്രധാനമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷയെന്നും സജീവൻ പറഞ്ഞു.
ഫറോക്ക്, വടകര, കൊയിലാണ്ടി, വെള്ളയിൽ അടക്കമുള്ള അനേകം സ്റ്റേഷനുകളിൽ ട്രെയിൻ കാണാൻ ആളുകൾ എത്തിയിരുന്നു. മലബാർ മേഖലയിൽ 110 കിലോമീറ്ററോളം വേഗത്തിലാണ് യാത്ര നടത്തിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.