പൊന്നാനി ഫിഷിങ് ഹാർബർ: 4 പദ്ധതികൾക്കു ടെൻഡറായി

Mail This Article
പൊന്നാനി ∙ ഫിഷിങ് ഹാർബർ അടിമുടി മാറുകയാണ്. 18 കോടി രൂപയുടെ വികസനം യാഥാർഥ്യത്തിലേക്ക്. 4 പദ്ധതികൾക്കു ടെൻഡറായി. ചെറിയ കപ്പലുകൾക്കു വരെ വന്നുപോകാൻ കഴിയുന്ന തരത്തിൽ ആഴംകൂട്ടൽ നടപടികളും ഉടനുണ്ടാകും. ഹാർബർ പ്രദേശത്ത് 3.5 മീറ്റർ ആഴം ഉറപ്പാക്കാനാണു പദ്ധതി. വേലിയേറ്റ സമയത്ത് 4 മീറ്ററിലധികം ആഴം ലഭിക്കും. പദ്ധതിയുടെ സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും. വർഷങ്ങളായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു കൊണ്ടിരിക്കുന്ന മണൽതിട്ട ഭീഷണിക്ക് ഇതോടെ പരിഹാരമാകും.
ഹാർബറിന്റെ 2 ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്ന വാർഫുകൾ ബന്ധിപ്പിക്കുന്ന റോഡ് നിർമാണം ഉടൻ തുടങ്ങും. ടെൻഡർ നടപടി പൂർത്തീകരിച്ചു കഴിഞ്ഞു. 41 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഹാർബറിന്റെ 2 ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കു വിശ്രമകേന്ദ്രം നിർമിക്കുന്ന പദ്ധതിയുടെയും ടെൻഡർ പൂർത്തീകരിച്ചു. 61 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ബോട്ടുകളും വള്ളങ്ങളും തീരമടുക്കുന്നതു കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി വെയിലു കൊള്ളാതെ സുരക്ഷിതമായ ഇടമൊരുങ്ങും.
വല നെയ്യുന്നതിനായി പുതിയ കേന്ദ്രം നിർമിക്കും. നിലവിലുള്ള കേന്ദ്രം മതിയാകാതെ വന്നതോടെയാണു പുതിയ വലനെയ്ത്തുകേന്ദ്രം നിർമിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. 1.25 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിലെ ലേല ഹാൾ നവീകരിക്കുന്നതിനും വിപുലമായ പദ്ധതിയുണ്ട്. ഹാർബറിലെ തൂണുകൾ പലതും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഇവ സ്റ്റീൽ കവറിങ് ചെയ്തു സംരക്ഷിക്കും.
ഹാർബറിൽ മലിനജല സംസ്കരണ പ്ലാന്റ്
ഫിഷിങ് ഹാർബറിനു മാത്രമായി മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാൻ പദ്ധതിയുണ്ട്. സാങ്കേതികാനുമതി ലഭ്യമായിക്കഴിഞ്ഞാലുടൻ ടെൻഡർ നടപടികളിലേക്കു കടക്കും. നിലവിൽ മത്സ്യത്തൊഴിലാളി പുനരധിവാസ കേന്ദ്രത്തിലും മലിനജല സംസ്കരണ പ്ലാന്റ് നിർമിച്ചു വരികയാണ്. ഹാർബർ വൃത്തിയാക്കുന്നതിനായി ക്ലീനിങ് മെഷീൻ വാങ്ങും.
ഹാർബറിന്റെ മൊഞ്ച് കൂടും
ഹാർബർ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി വിപുലമായ പദ്ധതി ഒരുക്കിയിട്ടുണ്ട്. ഗ്രീൻ ബെൽറ്റ് പദ്ധതിയുടെ ഭാഗമായി മരങ്ങൾ വച്ചുപിടിപ്പിക്കും. ഇരിപ്പിടങ്ങളും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും. യാനങ്ങളിൽനിന്നു ലേല ഹാളിലേക്കു മത്സ്യം ഇറക്കുന്നതിനായി കൺവെയർ ബെൽറ്റ് സ്ഥാപിക്കും. ലേലഹാളിന്റെ മുൻഭാഗത്തു ലോഡിങ് കേന്ദ്രത്തിനു മേൽക്കൂര നിർമിക്കും. ഹാർബർ പ്രദേശത്തെ മുഴുവൻ റോഡുകളും നവീകരിക്കും.
വള്ളങ്ങൾക്കായി പുതിയ വാർഫ്
മീൻപിടിത്ത വള്ളങ്ങൾക്കു ഹാർബറിൽ നങ്കൂരമിടുന്നതിനായി പുതിയ വാർഫ് നിർമിക്കും. നിലവിലെ ജങ്കാർ ജെട്ടിയോടു ചേർന്നാണു വാർഫ് നിർമിക്കുക. നിലവിലുള്ള 2 വാർഫിലും ബോട്ടുകൾ നങ്കൂരമിടുന്നതിനാൽ വള്ളങ്ങൾക്കു നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ട്.