പൂട്ടിയ വീട് തുറന്ന് ഇരുപത് പവനുമായി കള്ളൻ പോയി: കള്ളന് താക്കോൽ വയ്ക്കുന്ന സ്ഥലം അറിയാമായിരുന്നെന്ന് നിഗമനം

Mail This Article
മഞ്ചേരി ∙ അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്നു 20 പവൻ സ്വർണാഭരണം കളവ് പോയി. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. നന്ദകുമാറിന്റെ വേട്ടഞ്ചേരി പറമ്പ് പ്രഭാത് വീട്ടിൽനിന്നാണ് സ്വർണാഭരണം നഷ്ടമായത്. ഇന്നലെ രാവിലെ 8നും 9നും ഇടയിലാണ് മോഷണമെന്ന് കരുതുന്നു. വീട്ടുകാർ വീട് പൂട്ടി താക്കോൽ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്തു വച്ച് ആശുപത്രിയിൽ പോയതായിരുന്നു. വീട്ടിലെ ജോലിക്കാരി എത്തി വീട് തുറന്നു പതിവ് ജോലി ചെയ്തു വീട് പൂട്ടി താക്കോൽ യഥാസ്ഥാനത്തു വച്ചു പോകുകയും ചെയ്തു. ഒൻപതു മണിയോടെ വീട്ടുകാർ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്നിട്ട നിലയിൽ കണ്ടത്.
കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഡോക്ടറുടെ മരുമകളുടെ സ്വർണാഭരണം നഷ്ടമായിരുന്നു. ഡോ.നന്ദകുമാർ തിരുവനന്തപുരത്താണ്. വീടിന്റെ പൂട്ടും താക്കോലും കാണാനില്ല. ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ഒരു മണിക്കൂറിനിടയിൽ റോഡ് വക്കിലെ വീട്ടിൽ നടന്ന മോഷണം പൊലീസിനെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കി. താക്കോൽ സ്ഥിരമായി വയ്ക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.