ദി ഓഷ്യൻ അണ്ടർ വാട്ടർ ടണൽ മലബാർ മഹോത്സവം 31 മുതൽ

Mail This Article
മലപ്പുറം∙ ദി ഓഷ്യൻ അണ്ടർ വാട്ടർ ടണൽ മലബാർ മഹോത്സവം 31ന് വൈകിട്ട് 6.30ന് കോട്ടയ്ക്കലിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നസീർ ഷിക്കു, ലാല മലപ്പുറം എന്നിവർ മുഖ്യാതിഥികളാകും. പുത്തൂർ ബൈപാസ് റോഡിനു സമീപമാണു ദി ഓഷ്യൻ അക്വേറിയം–റോബട്ടിക് മെഗാ പ്രദർശന വിപണനമേള. ഫെബ്രുവരി 20 വരെയാണു മേള. പത്തു കോടി രൂപ ചെലവിട്ടാണു ദി ഓഷ്യൻ, കോട്ടയ്ക്കലിൽ മലബാർ മഹോത്സവം ഒരുക്കുന്നത്.
കയ്യെത്തും ദൂരത്തു കടൽക്കാഴ്ചകൾ കാണാമെന്നതാണു മേളയുടെ വലിയ ആകർഷണം. പത്തടി ഉയരമുള്ള കൂറ്റൻ ടാങ്കുകളുടെ സഹായത്താലാണു കടൽക്കാഴ്ചകൾ സൃഷ്ടിച്ചിരിക്കുന്നത്. കടലിനടിയിലെ ഒരു ഗുഹയിലൂടെ സഞ്ചരിക്കുന്ന പ്രതീതി സമ്മാനിക്കുന്ന കൂറ്റൻ ടണലുകളാണു മറൈൻ അക്വേറിയത്തിന്റെ സവിശേഷത. കടൽമീനുകൾ പുളയ്ക്കുന്ന ടണൽ കടന്നാൽ പിന്നെ റോബട്ടിക്‌സിന്റെ അതിശയ ലോകമാണ്. പാട്ടിനൊത്തു ചുവടുവയ്ക്കുന്ന റോബോ നായ്ക്കുട്ടികൾ, കടലാമ, പുൽച്ചാടി, ചിത്രശലഭം, ഗജവീരൻ, ദിനോസർ എന്നിവയുടെ റോബോ കാഴ്ചകളും ഇവിടെയുണ്ട്.
10 രൂപ മുതൽ ലഭിക്കുന്ന ഗൃഹോപകരണങ്ങൾ, കുത്താമ്പുള്ളി ബെഡ് ഷീറ്റുകൾ, സെറ്റ് സാരികൾ, മുണ്ടുകൾ, കോലാപ്പൂരി, ഫാൻസി ചെരിപ്പുകൾ, മെറ്റീരിയലുകൾ എന്നിവയുടെ വിറ്റഴിക്കലും ഫുഡ് കോർട്ടും മേളയിലുണ്ട്. പ്രവൃത്തിദിനങ്ങളിൽ ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി ഒൻപതു വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒൻപതു വരെയുമാണു പ്രദർശനം. 150 രൂപയാണു ടിക്കറ്റ്. ടിക്കറ്റെടുക്കുന്നവർക്കു മെഗാ ഷോ സൗജന്യമാണെന്നു ദി ഓഷ്യൻ മാനേജിങ് ഡയറക്ടർ ഫയാസ് റഹ്മാൻ, പിആർഒ സന്തോഷ് തുളസീധരൻ, കോഓർഡിനേറ്റർ ഹർഷാദ് ആരിഫ് എന്നിവർ അറിയിച്ചു.