ആറരമണിക്കൂർ യാത്ര: സർവീസ് ഇൗ മാസം; 'ഗോവയ്ക്ക് ഫെറിയിൽ'

Mail This Article
മുംബൈ∙ യാത്രക്കാരെയും വാഹനങ്ങളെയും വഹിക്കാൻ ശേഷിയുള്ള ഫെറി സർവീസ് മുംബൈ–ഗോവ പാതയിൽ ഈമാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. അനുമതി ഉടൻ ലഭിക്കും. റോഡ് മാർഗം 12 മണിക്കൂറിലേറെയാണ് മുംബൈ –ഗോവ യാത്രയ്ക്കു വേണ്ടത്. ഫെറി സർവീസ് വരുന്നതോടെ ആറര മണിക്കൂറിൽ ഗോവയിലെത്താൻ കഴിയുമെന്നതാണ് നേട്ടം. തിരക്കേറിയ ടൂറിസം കേന്ദ്രമായ ഗോവയിലേക്ക് പുതിയൊരു യാത്രാമാർഗം കൂടിയാണ് തുറക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും ടൂറിസം മേഖലയ്ക്കും പദ്ധതി ഉണർവേകും. ഇറ്റലിയിൽനിന്നെത്തിച്ച വെസൽ ആണ് സർവീസിന് ഉപയോഗിക്കുക. ഗോവ സർക്കാരുമായി ചർച്ചകൾ പുരോഗകയാണെന്നും ഫെറി സർവീസ് പദ്ധതിക്കു നേതൃത്വം നൽകുന്ന സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു. ഗുജറാത്തിൽ നേരത്തെ തന്നെ ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്. മുംബൈയിൽനിന്ന് അലിബാഗിലേക്കും ഫെറി സർവീസ് ഉണ്ട്. ഏകദേശം 14 കിലോമീറ്ററാണ് സർവീസിന്റെ ദൂരം. പ്രവൃത്തി ദിവസങ്ങളിൽ മൂന്നും വാരാന്ത്യങ്ങളിൽ 5 സർവീസുമാണ് നടത്തുന്നത്.
ജലഗതാഗതത്തിൽ സുവർണ പാത
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുംബൈ–ഗോവ ഫെറി സർവീസ്. 620 യാത്രക്കാരെയും 60 വാഹനങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുള്ള ഫെറിയാണിത്. നിരക്ക് തീരുമാനമായില്ല. ബജറ്റിലും ജലഗഗതാഗത മാർഗം പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം പദ്ധതികൾ തയാറാക്കിയിരുന്നു. നവിമുംബൈയിലെ നെരൂളിനും അലിബാഗിലെ മാണ്ഡ്‌വയ്ക്കും ഇടയിൽ റോറോ സർവീസുകൾ ആരംഭിക്കാനുള്ള നീക്കമുണ്ട്. മുംബൈ, കല്യാൺ, വിരാർ, ഡോംബിവ്‌ലി മേഖലകളിൽനിന്നും നെരൂളിലേക്കും ബേലാപുരിലേക്കും ഫെറി സർവീസുകളും വാട്ടർടാക്സികളും ആരംഭിക്കാനുള്ള ചർച്ചകളും സജീവമാണ്.
ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം 229 കോടിയുടെ ബോട്ടുജെട്ടി; തറക്കല്ലിട്ടു
മുംബൈ∙ സംസ്ഥാനം ജലഗതാഗതത്തിന് വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം പുതിയ ജെട്ടിക്കുള്ള തറക്കല്ലിട്ടു. നിലവിലുള്ള ജെട്ടിയിലെ സ്ഥലപരിമിതിയും അപര്യാപ്തതയും കണക്കിലെടുത്താണ് അത്യാധുനിക സൗകര്യമുള്ള ബോട്ടുജെട്ടി സ്ഥാപിക്കുന്നത്. കൂടുതൽ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഉണ്ടാകും. 350 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ, പൂന്തോട്ടം എന്നിവയും ഒരുക്കുന്നുണ്ട്. മണ്ണ് പരിശോധനകൾ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി. നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ ധനമന്ത്രി അജിത് പവാർ പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ്, 229 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന ബോട്ടുജെട്ടിക്ക് തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണെ തറക്കല്ലിട്ടത്. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി.