'മുഖത്ത് നിറംതേച്ചു, പീച്ചാംകുഴലിൽ വെള്ളം ചീറ്റി'; നിറമണിഞ്ഞ് ഹോളി ആഘോഷം...!

Mail This Article
മുംബൈ∙ മുഖത്ത് നിറംതേച്ചും പരസ്പരം പീച്ചാംകുഴലിൽ വെള്ളം ചീറ്റിയും നഗരം ഹോളി ആഘോഷിച്ചു. നിറങ്ങളിൽ മുങ്ങിയ മനുഷ്യരും നിറച്ചാർത്തണിഞ്ഞ് തെരുവോരവും ഉത്സവലഹരിയിലമർന്നു. ഹൗസിങ് സൊസൈറ്റികളിലും മൈതാനങ്ങളിൽ പ്രത്യേകം തയാറാക്കിയ പന്തലുകളിലും പ്രായം മറന്ന് ആളുകൾ നൃത്തം ചെയ്തു. റിസോർട്ടുകളിലും ഹോട്ടലുകളിലും കുടുംബവുമായി ഒത്തുചേർന്ന് ആഘോഷത്തിൽ പങ്കെടുത്തവരും ഏറെ. ഹൗസിങ് സൊസൈറ്റികൾക്ക് മുൻപിൽ മരക്കൊമ്പ് നാട്ടി അതിനു ചുറ്റും വൈക്കോൽ കൊണ്ട് കൂനകൂട്ടി ഹോളികയെ ദഹിപ്പിച്ച് വ്യാഴാഴ്ച രാത്രിയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.

ഇന്നലെ ബന്ധുക്കളും സുഹൃത്തുക്കളും വീടുകളിലും ഹൗസിങ് സൊസൈറ്റികളിലും മൈതാനങ്ങളിലും ഒത്തുകൂടി. വ്യവസായികളും ബോളിവുഡ് താരങ്ങളും പ്രത്യേകം ഹോളിയാഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഒട്ടേറെ മലയാളികളും ആഘോഷത്തിൽ പങ്കെടുത്തു. പ്രവേശന പാസുകൾ വച്ചുള്ള ആഘോഷങ്ങളും ഒട്ടേറെയിടങ്ങളിൽ നടന്നു. ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ ഇത്തരത്തിലുള്ള ആഘോഷ പരിപാടിയിൽ യുവജനങ്ങൾ ഒഴുകിയെത്തി. ജുഹു ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിലും ആയിരങ്ങൾ പങ്കെടുത്തു.