നിങ്ങൾ വന്നു, കോവിഡ് വരാതിരിക്കാൻ

Mail This Article
പാലക്കാട് ∙ അത്യാഹിതം ഏതായാലും രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന പാഞ്ഞെത്തും. കോവിഡിനെതിരെയുള്ള പോരാട്ടത്തിലും അവർ മുന്നണി പോരാളികളായിരുന്നു. ‘101ൽ വിളിക്കൂ..., വീട്ടിലിരിക്കൂ...’ എന്നതാണ് ഈ കോവിഡ് കാലത്ത് അഗ്നിരക്ഷാ സേന ജനങ്ങളോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
നാട് മുഴുവൻ അണുവിമുക്തമാക്കുന്നതു മുതൽ രോഗികൾക്കു മരുന്ന് എത്തിക്കുന്നതടക്കമുള്ള ചുമതല അവർ ഏറ്റെടുത്തു. സ്വന്തം പോക്കറ്റിൽ നിന്നു പണമെടുത്താണ് ഉദ്യോഗസ്ഥർ അണുനാശിനി വാങ്ങിയത്. നിർധന രോഗികൾക്ക് ഉദ്യോഗസ്ഥർ പണം പിരിച്ച് മരുന്നു വാങ്ങി വീടുകളിലെത്തിച്ചു. ഇതിനിടെ തീയണയ്ക്കാനും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും സേന രംഗത്തുണ്ടായിരുന്നു.
ആസൂത്രണം കൃത്യം
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നു. കോവിഡ് രോഗബാധിതരുടെ റൂട്ട് മാപ്പ് പരിശോധിച്ച് അവിടങ്ങളിൽ അണുവിമുക്തമാക്കാൻ തീരുമാനിച്ചു. അണുനാശിനി വാങ്ങാനുള്ള പണം അവർ തന്നെ പിരിച്ചെടുത്തു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോൾ ജില്ലയിലെ പ്രധാന ഇടങ്ങൾ കൂടി അണുവിമുക്തമാക്കി. ജില്ലയിലെ 104 ഐസലേഷൻ വാർഡുകളും 133 ആശുപത്രികളും ഉൾപ്പെടെ 1,704 ഇടങ്ങളാണ് അഗ്നിരക്ഷാസേന അണുവിമുക്തമാക്കിയത്. കെഎസ്ആർടിസി, ആംബുലൻസ് ഉൾപ്പെടെ 57,951 വാഹനങ്ങളും 7 ചെക്പോസ്റ്റുകളും അണുവിമുക്തമാക്കി.
സേവനം തന്നെ മാതൃക
ജില്ലയിൽ 2,245 രോഗികൾക്കാണു മരുന്ന് വീടുകളിലെത്തിച്ചു നൽകിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണു രോഗികളുടെ വിവരം ശേഖരിച്ചത്. മാരക രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്കാണ് ആദ്യ പരിഗണന നൽകിയത്. ഇതര ജില്ലകളിൽ നിന്ന് എത്തിക്കേണ്ട മരുന്നുകളുടെ വിവരം അവിടുത്തെ സ്റ്റേഷനിലേക്കു വാട്സാപ് വഴി അയയ്ക്കും. അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ മരുന്നു വാങ്ങി കൈമാറി രോഗികളിലെത്തിക്കും.
നിർധന രോഗികളിൽനിന്ന് ഇതിനു പണം സ്വീകരിച്ചിരുന്നില്ല. 47 രോഗികളെ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ആശുപത്രികളിലെത്തിച്ചു. 11 ഡയാലിസിസ് രോഗികളെ ഇതര സംസ്ഥാനങ്ങളിൽ ചികിത്സയ്ക്കെത്തിക്കാനുള്ള സൗകര്യമൊരുക്കി. പണം പിരിവെടുത്ത് സമൂഹ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി നൽകി. ഭക്ഷണമില്ലാത്തവർക്ക് പൊതിച്ചോറും എത്തിച്ചു നൽകിയിരുന്നു.