കൊല നടത്തി കാട്ടിലേക്കു കടന്നു; വിശന്നപ്പോൾ ഭക്ഷണം തേടി വന്നു: പിടിയിലായി

Mail This Article
നെന്മാറ ∙ കൊല നടത്തി കാട്ടിലേക്കു കടന്ന ചെന്താമര രണ്ടു ദിവസം പട്ടിണിയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി ആദ്യം ആവശ്യപ്പെട്ടതു ചോറും ഇറച്ചിക്കറിയും. കൊലയ്ക്കു ശേഷം പ്രതി ചെന്താമര സ്വന്തം വീട്ടിലെത്തി പിൻവശം വഴി പോത്തുണ്ടി വനമേഖലയിലേക്കു രക്ഷപ്പെട്ടു. വനാതിർത്തിയിലെ ഫെൻസിങ് ചാടിക്കടന്ന ഇയാൾ ഒളിയിടത്തിൽ ഇരുന്ന് പരിസരത്ത് പൊലീസ് തന്നെ തേടുന്നതടക്കം നിരീക്ഷിച്ചു. അതേസമയം, പൊലീസ് പ്രതിയെ കണ്ടെത്താൻ നാടിളക്കിയുള്ള പരിശോധനയിലായിരുന്നു. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വരെ അന്വേഷണം നീണ്ടപ്പോഴും പ്രതി വീടിനു സമീപത്തെ വനമേഖലയിൽ ഉണ്ടാകാമെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മുൻപ് 2019ൽ, സജിതയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര കാടുകയറിയിരുന്നു. പ്രതിയുടെ സഹോദരൻ പൊലീസിനു നൽകിയ വിവരവും നിർണായകമായി.
2 ദിവസത്തിൽ കൂടുതൽ ചെന്താമരയ്ക്കു ഭക്ഷണം കഴിക്കാതിരിക്കാൻ സാധിക്കില്ലെന്നും ഭക്ഷണം തേടി വിട്ടിലെത്തുമെന്നുമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തൽ. ഇതു മുഖവിലയ്ക്കെടുത്ത അന്വേഷണ സംഘം വീട്ടു പരിസരത്തുൾപ്പെടെ മഫ്തിയിൽ പൊലീസിനെ നിർത്തി. ഇവരുടെ ഇടയിലേക്കാണ് പ്രതി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം 10 മിനിറ്റോളം ഇയാളെ തടഞ്ഞുവച്ചു. ഫോട്ടോ എടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം അയച്ചു കൊടുത്തു. ഇതിനിടെ പ്രതിയെ അയാളുടെ വീട്ടിലേക്കു മാറ്റി. പിടികൂടിയതു ചെന്താമരയെ തന്നെയെന്ന് ഉറപ്പിച്ചതോടെ ആരുടെയും ശ്രദ്ധയിൽപെടാതെ സ്വകാര്യ വാഹനത്തിൽ സ്റ്റേഷനിൽ എത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ആദ്യം കൈകാണിച്ചതു മാധ്യമ സംഘത്തിന്റെ വാഹനത്തിനായിരുന്നു. അബദ്ധം മനസ്സിലായതോടെ ഇവരെ ഒഴിവാക്കി.
പിന്നീട് സ്വകാര്യ വാഹനത്തിൽ നെന്മാറ സ്റ്റേഷനിലെത്തിച്ചു. അവിടെയും പൊലീസ് ഉണർന്നു പ്രവർത്തിച്ചു. തടിച്ചു കൂടിയ നാട്ടുകാരെയും മാധ്യമ പ്രവർത്തകരെയും ഒഴിവാക്കാൻ മഫ്തിയിലുള്ള പൊലീസുകാരിൽ ചിലർ റോഡ് വഴി ബഹളം വച്ച് ഓടി ചെന്താമര രക്ഷപ്പെട്ടെന്ന പ്രതീതി സൃഷ്ടിച്ചു. ഈ സമയത്ത് പ്രതിയെ സുഗമമായി സ്റ്റേഷനിലെത്തിച്ചു. പുറത്തു ജനരോഷം ശക്തമായതോടെ പൊലീസ് ലാത്തി വീശി. പിന്നീട് പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പരിശോധനയ്ക്കു സഹായിച്ച നാട്ടുകാരെ പൊലീസ് അഭിനന്ദിച്ചു.
അതിവേഗ അന്വേഷണത്തിൽ പ്രതിയെ കുടുക്കി പൊലീസ്
∙ പൊലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയെ പിടികൂടിയത് അന്വേഷണ സംഘത്തിന്റെ മികവ്. പൊലീസിനു നേരെ കടുത്ത വിമർശനം ഉയർന്ന കേസിൽ പ്രതിയെ പിടികൂടാൻ വൈകുന്ന ഓരോ നിമിഷവും സേനയെ കടുത്ത സമ്മർദത്തിലാക്കി. പ്രതി എത്താൻ സാധ്യതയുള്ള എല്ലായിടത്തും ഒരേ സമയം മഫ്തിയിലടക്കം പൊലീസിനെ വിന്യസിച്ചു. അന്വേഷണത്തിനായി ശാസ്ത്രീയ മാർഗങ്ങളും സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, അഡീഷനൽ എസ്പി പി.സി.ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന.
എഎസ്പി ട്രെയിനി അച്യുത് അശോക്, ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവരും നെന്മാറ സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസും അന്വേഷണത്തെ സഹായിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനു മുന്നിൽ അമർഷം പ്രകടിപ്പിച്ചവരിൽ 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. ജനരോഷം തിരിച്ചറിഞ്ഞ് ഇന്നലെ മുതൽ തന്നെ പ്രതിയുടെ വീട്ടിൽ കാവലിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ലീഗ് സ്ംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവരുടെ സംഘം ഇന്നലെ സ്ഥലത്തെത്തിയിരുന്നു.