കുളത്തിൽ മുങ്ങിത്താഴ്ന്ന സ്ത്രീയെ ജീവിതതീരത്തെത്തിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥി

Mail This Article
ഒറ്റപ്പാലം∙ കാൽതെറ്റി കുളത്തിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മ ഒൻപതാം ക്ലാസുകാരന്റെ ധീരതയിൽ സുരക്ഷിതയായി ജീവിതതീരമണഞ്ഞു. ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത് പ്രമോദ്–അജിത ദമ്പതികളുടെ മകൻ പ്രജ്വലാണു (14) നാട്ടുകാരി കൂടിയായ അങ്ങാടിയിൽ ശാന്തകുമാരിക്കു (66) രക്ഷകനായത്.മകരമാസത്തിലെ വാവിന്റെ ഭാഗമായി പ്രദേശത്തെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ചു ബലിതർപ്പണം നടത്താൻ എത്തിയതായിരുന്നു ശാന്തകുമാരി. കടവിലെ പടികളിൽ നിന്നു മുങ്ങുന്നതിനിടെയാണു കാൽ തെന്നിയത്.
നീന്താൻ അറിയാത്ത ശാന്തകുമാരി ആഴമേറിയ ഭാഗത്തു പരന്നുകിടക്കുന്ന പായലിൽ നിലയില്ലാതെ കുരുങ്ങി. മുങ്ങിത്താഴാൻ തുടങ്ങിയ ഘട്ടത്തിലാണു പ്രജ്വൽ വാഴയില മുറിക്കാനായി കുളക്കരയിൽ എത്തിയത്. പ്രജ്വലിന്റെ വീടിനു സമീപമാണു പാലപ്പുറം വിഷ്ണു ക്ഷേത്രവും കുളവും. അപകടം ശ്രദ്ധയിൽപെട്ട പ്രജ്വൽ രണ്ടാമതൊന്ന് ആലോചിക്കാതെ കുളത്തിലേക്കു ചാടിയിറങ്ങി.
നന്നായി നീന്താൻ അറിയുന്നതിനാൽ ശാന്തകുമാരിക്കടുത്തെത്തി കൈകൾ പിടിച്ചുയർത്തി ഇവരെ കരയ്ക്കെത്തിച്ചു.അപ്പോഴേക്കു ശാന്തകുമാരി ക്ഷീണിച്ചു കുഴഞ്ഞുപോയിരുന്നു. അൽപനേരം വിശ്രമിച്ച ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. ഇതേ കുളത്തിലാണ് അഞ്ചാം വയസ്സിൽ പ്രജ്വലിനെ അച്ഛൻ പ്രമോദ് നീന്തൽ പഠിപ്പിച്ചത്. പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതൻ വിദ്യാർഥിയാണു പ്രജ്വൽ.