ആദിവാസി തനത് വിഭവങ്ങൾ രുചിക്കണോ, എത്‌നിക് കഫേയിലേക്കു പോരൂ...

Mail This Article
പറമ്പിക്കുളം ∙ ആദിവാസി തനത് വിഭവങ്ങളും പരമ്പരാഗത ഭക്ഷണങ്ങളും ഇനി പറമ്പിക്കുളത്തെ 'എത്‌നിക് കഫേയിൽ' രുചിച്ചറിയാം. മുളയരിയും ചാമയും കൊണ്ടുണ്ടാക്കിയ പായസം, റാഗി കൊണ്ടുള്ള ലഡ്ഡു, പത്തിരി തുടങ്ങി വൈവിധ്യമാർന്ന നാടൻ രുചികൾ ഒട്ടും കലർപ്പില്ലാതെ രുചിച്ചറിയണമെങ്കിൽ എത്‌നിക് കഫേയിൽ എത്തിയാൽ മതി. വനംവകുപ്പിന് കീഴിലുള്ള എർത്ത്ഡാം ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയിലെ ആർ.അശ്വതി, എം.അഞ്ജു, എം.ദേവിപ്രിയ, എൻ.നിധിമോൾ, കെ.കാർത്തിക, എൻ.പ്രമീള, ജയ എന്നിവരാണു കഫേ നടത്തിപ്പുകാർ. ഏഴു പേർക്കും പരിശീലനം ഇടുക്കിയിലെ ചിന്നാറിൽ നൽകിയിരുന്നു. ഇതിൽ മിക്കവരും പ്ലസ് ടു കഴിഞ്ഞവരാണ്.
വനംവകുപ്പിന്റെ കെട്ടിടത്തിൽ നേരത്തെയുണ്ടായിരുന്ന ഹോട്ടൽ ഇഡിസി ഏറ്റെടുത്ത്, കഴിഞ്ഞ 10 മുതലാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. നാടൻ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെന്നും കച്ചവടം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇഡിസി സെക്രട്ടറിയായ രവി പറഞ്ഞു. രാവിലെ പുട്ട്, ദോശ തുടങ്ങിയ വിഭവങ്ങളും ഉച്ചയ്ക്ക് പറമ്പിക്കുളത്തിന്റെ തനതായ കുയിൽ മീൻ ഉൾപ്പെടെയുള്ള മീൻ വിഭവങ്ങളടങ്ങിയ ചോറും ലഭിക്കും. ജിഞ്ചർ ചായ, ഏലയ്ക്ക ചായ, ഇഞ്ചിയും നന്നാരിയും ചേർത്ത എത്‌നിക് ചായ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. രാവിലെ എട്ടു മുതൽ രാത്രി വരെയാണ് പ്രവർത്തനം.