KL 9 AY 9999 വാഹന നമ്പരിനായി കേസ്; പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിശദീകരണം

Mail This Article
പാലക്കാട് ∙ മോട്ടർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ സൈറ്റിൽ വാഹനത്തിനു ഫാൻസി റജിസ്ട്രേഷൻ നമ്പർ അനുവദിക്കാനുള്ള ഇ–ലേലത്തിൽ ക്രമക്കേടെന്നും നടന്നിട്ടില്ലെന്ന് പരാതിയിൽ എതിർഭാഗത്തുള്ള ഒമേഗ മോട്ടോഴ്സിന്റെ വിശദീകരണം. കൊടുന്തിരപ്പുള്ളി സ്വദേശി പ്രിൻസി സുരേഷ് നൽകിയ പരാതിയിൽ കെഎൽ 9 എവൈ 9999 എന്ന നമ്പറിന്റെ അലോട്മെന്റ് ഫെബ്രുവരി 5 വരെ തടഞ്ഞിരിക്കുകയാണ്. 25നു നടന്ന ഇ–ലേലത്തിൽ പങ്കെടുത്ത ഒരാൾക്കു വേണ്ടി ചില ഉദ്യോഗസ്ഥർ സൈറ്റ് ഡൗൺ ചെയ്തു ലേലം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഒരേ നമ്പറിന് ഒന്നിൽ കൂടുതൽ ആളുകൾ ആവശ്യം ഉന്നയിച്ചാൽ ഇ– ലേലത്തിനു വയ്ക്കും. കൂടുതൽ തുക വിളിക്കുന്നയാൾക്കു നമ്പർ നൽകും. പക്ഷേ, ലേലം പകുതി ആയപ്പോൾ സെർവർ ഡൗൺ ആയതായി പ്രിൻസി പറഞ്ഞു. വീണ്ടും സൈറ്റ് ഓപ്പൺ ആയപ്പോൾ നമ്പർ വിറ്റുപോയെന്നും സന്ദേശമെത്തി. തുടർന്നാണു കോടതിയെ സമീപിച്ചതെന്ന് പ്രിൻസി സുരേഷ് പറഞ്ഞു. എന്നാൽ ഇതു സാങ്കേതികത്തകരാർ മാത്രമാണെന്നും ലേലം സുതാര്യമാണെന്നുമാണെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഒമേഗ മോട്ടോഴ്സ് രംഗത്ത് എത്തിയത്. വാഹനത്തിന്റെ താൽക്കാലിക റജിസ്ട്രേഷൻ കഴിഞ്ഞ് 20–ാം തീയതിയാണ് ഫാൻസി നമ്പറിനായി പരിവാഹൻ വെബ് സൈറ്റിൽ റിസർവ് ചെയ്തത്. 24–ാം തീയതി പ്രിൻസി സുരേഷും റജിസ്റ്റർ ചെയ്തിരിക്കുന്നായി കണ്ടു. അങ്ങനെയാണ് ഇതു ഇ–ലേലത്തിനു പോയത്. 25–ാം തീയതി രാവിലെ 9.30 ന് ലേലം തുടങ്ങി, അത് 10.30 വരെ നീണ്ടുപോയി. പ്രിൻസി വിളിച്ചതിനേക്കൾ കൂടുതൽ തുക വിളിച്ചത് ഞങ്ങളായിരുന്നു. 10.30 കഴിഞ്ഞ് പ്രിൻസി സുരേഷിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ലേലം ഞങ്ങൾക്ക് അനുവദിച്ചു കിട്ടി.
ലേലം അനുവദിച്ചുകിട്ടിയാൽ അഞ്ച് ദിവസത്തിനുള്ളിൽ പണമടയ്ക്കമെന്നാണ് നിയമം. എന്നാൽ ലേലം നടന്ന് രണ്ടാമത്തെ ദിവസം തന്നെ പണം അടച്ചു. എന്നാൽ ലേലത്തിൽ പിടിച്ച നമ്പർ അനുവദിച്ചു കിട്ടാതെ വന്നപ്പോൾ അന്വേഷിച്ചപ്പോഴാണ് പ്രിൻസി സുരേഷ് കേസ് കൊടുത്തിരിക്കുകയാണെന്നും ലേലം തടഞ്ഞിരിക്കുകയാണെന്നും ഞങ്ങൾ അറിയുന്നത്. പരാതിയിൽ പറയുന്നതുപോലെ പരിവാർ വൈബ് സൈറ്റ് ഡൗൺ ചെയ്യാനൊന്നും പെട്ടെന്ന് ആർക്കും പറ്റില്ല. അതു മാത്രമല്ല പാലക്കാട് മാത്രമായി എങ്ങനെ വെബ് സൈറ്റ് ഡൗൺ ചെയ്യാൻ സാധിക്കുമെന്നും ഒമേഗ മോട്ടോഴ്സ് ചോദിക്കുന്നു. വോൾവോ ഇന്ത്യയുടെ കേരളത്തിലെ ഡീലറാണ് ഒമേഗ മോട്ടോഴ്സ്.