പല്ലാർമംഗലം പാടത്ത് ‘ഉണ്ണി’കളുടെ ക്രിക്കറ്റ് ആരവം; കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങി നടൻ ഉണ്ണി മുകുന്ദൻ - വിഡിയോ

Mail This Article
ഒറ്റപ്പാലം ∙ കൊയ്തൊഴിഞ്ഞ പാടത്തു ടെന്നിസ് ബോൾ ക്രിക്കറ്റ് ആവേശം പൊടിപാറുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്തു കളിച്ചു തിമർത്തു വേനൽ അവധി ആഘോഷിക്കുകയാണു കുട്ടിക്കൂട്ടം. ഇവർക്കിടയിലേക്കു പതിവില്ലാത്ത ഒരാൾ കൂടി എത്തി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരം കൂടിയായ നടൻ ഉണ്ണി മുകുന്ദൻ. ആവേശം കണ്ടു കളത്തിലിറങ്ങിയ നടൻ കളിച്ചുകയറി. സിനിമാത്തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് അയൽവാസി അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി. അപ്പോൾ പാടത്തെ കളിയാവേശം ഉച്ച സ്ഥായിയിലായിരുന്നു.
പിന്നെ ഒന്നും നോക്കിയില്ല. ഒരു ടീമിൽ ഇടംപിടിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം താരം കളംനിറഞ്ഞു. കുട്ടിക്കളിക്കളത്തിലെ പരിമിതമായ സാഹചര്യങ്ങൾ തന്നെ ധാരാളമായിരുന്നു നാട്ടുകാരനായ സിസിഎൽ താരത്തിന്. മത്സരം അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു മടക്കം. ഒഴിവുസമയത്തു വീടിനു സമീപത്തെ മൈതാനത്തു കളത്തിലിറങ്ങിയ താരം ഉച്ചത്തിൽ വിളിച്ചു പറയുകയാണ് ‘കളിയാണു ലഹരി’.