കണിവെട്ടത്തിലേക്ക് ഇന്നു ശബരിമല

Mail This Article
ശബരിമല∙കണിവെള്ളരിയും കൊന്നപ്പൂക്കളും ധാന്യങ്ങളും പഴങ്ങളും ശബരീശനു പുണ്യം ചാർത്തിയ കണിവെട്ടത്തിലേക്ക് ഇന്ന് തിരുനട മിഴി തുറക്കും. ഇന്നലെ അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണിയൊരുക്കൽ നടന്നു.മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ഗിരീഷ് നമ്പൂതിരി, പരികർമികൾ എന്നിവർ ചേർന്ന് വിഷുക്കണി ഒരുക്കിയതിനു ശേഷമാണ് നട അടച്ചത്. ഇന്ന് പുലർച്ചെ ആദ്യം ശബരീശനെ കണി കാണിക്കും. അതിനു ശേഷം ഭക്തർക്കും കണി കണ്ടു തൊഴാം. തന്ത്രി കണ്ഠര് മഹേഷ് മോഹനര്,മേൽശാന്തി പരമേശ്വരൻ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.
പൊലീസിന്റെ കണക്കനുസരിച്ച് 38,564 പേർ ദർശനത്തിന് എത്തിയിട്ടുണ്ട്. ഇന്നലെ ഉച്ച പൂജ കഴിഞ്ഞ് നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള ഭക്തരുടെ നീണ്ട നിരയായിരുന്നു. ദീപാരാധനയ്ക്കു ശേഷം പടിപൂജയും നടന്നു. ദർശനം കഴിഞ്ഞവർ മല ഇറങ്ങാതെ വിഷുക്കണി ദർശനത്തിനായി കാത്തിരുന്നു.
കണിയൊരുക്കം ഇങ്ങനെ
ഓട്ടുരുളിയിൽ പകുതിയോളം ഉണക്കലരിയും നെല്ലും നിറച്ചു. അതിൽ ഒരുമുറി നാളികേരം,മറ്റ് താലങ്ങളിൽ കണിവെള്ളരി, ചക്ക,മാങ്ങ,നാളികേരം,അഷ്ടമംഗലം,അലക്കിയ വസ്ത്രം,വാൽക്കണ്ണാടി,സ്വർണം,വെള്ളി നാണയങ്ങൾ തുടങ്ങിയവയും വെള്ളിപ്പാത്രത്തിൽ നിറയെ നാണയങ്ങളും വച്ചു.