സർക്കാർ 28 ലക്ഷം രൂപ അനുവദിച്ചാൽ ശബരിമല റോഡിന് വീതികൂട്ടാം

Mail This Article
കക്കുടുമൺ ∙ 28 ലക്ഷം രൂപ സർക്കാർ അനുവദിക്കാത്തതുമൂലം ശബരിമല റോഡ് വീതികൂട്ടി പണിയാനാകുന്നില്ല. ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിലെ സ്ഥിതിയാണിത്. 2 വർഷം മുൻപ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡാണിത്. എന്നിട്ടും വീതി കൂട്ടുകയോ വളവുകൾ നേരെയാക്കുകയോ ചെയ്തിരുന്നില്ല.
വാഹനങ്ങൾ തുടരെ അപകടത്തിൽപെടുന്നു. റോഡിന്റെ പണി നടക്കുമ്പോൾ വീതി കൂട്ടുന്നതിന് ജനകീയ പങ്കാളിത്തത്തോടെ അളന്നു കുറ്റിവച്ചിരുന്നു. തുടർന്ന് ഫണ്ടിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു. ടാറിങ്ങിനു മുൻപ് 5 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ ചെലവ് 5.28 കോടി രൂപയായി ഉയർന്നു. അധിക തുകയ്ക്കു ഭരണാനുമതി തേടിയിട്ടുണ്ട്. റോഡിന്റെ വികസനത്തിനു കിട്ടിയ 5 കോടി രൂപയും ലാപ്സാകുന്ന സ്ഥിതിയാണ്. അത്തിക്കയം പാതയിൽ തുടക്കംമുതൽ അവസാനംവരെ അപകട ഭീഷണിയായി ചെറുതും വലുതുമായ ഒട്ടേറെ വളവുകളുണ്ട്. വശങ്ങൾ പലയിടത്തും ഇടിഞ്ഞു. കക്കുടുമൺ ജംക്‌ഷന് സമീപം വളവിൽ തുടരെ വാഹനങ്ങൾ മറിയുകയാണ്.