ശബരിമലയിൽ ലക്ഷാർച്ചന; ശ്രീകോവിൽ വാതിലിന്റെ അറ്റകുറ്റപ്പണികളും നടത്തി

Mail This Article
ശബരിമല ∙ ദേവചൈതന്യം വർധിപ്പിക്കാൻ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടന്നു. ഉഷഃപൂജയ്ക്കു ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് ശാന്തിക്കാർ അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം ശ്രീകോവിലിൽ എത്തിച്ചു. ബ്രഹ്മകലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. കളഭാഭിഷേകത്തോടെയാണ് ഇന്നലെ ഉച്ചപ്പൂജ നടന്നത്. ഇന്നലെ ദർശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകോവിൽ വാതിലിന്റെ അറ്റകുറ്റപ്പണികൾ ഇന്നലെ നടന്നു. കൊടിമര ശിൽപി പളനി ആചാരിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്. പണിതീർത്ത് വൈകിട്ട് വാതിൽ സ്ഥാപിച്ചു.