കത്തിജ്വലിച്ചുയർന്ന് മലയോളം ആഴി; കൂടെ നിന്ന് തളിർത്ത് കുടയായി ആൽ
Mail This Article
ശബരിമല∙ ഏതുപ്രതികൂല കാലാവസ്ഥയിലും പിടിച്ചു നിൽക്കുന്ന ഒരുപാടു ജീവജാലങ്ങൾ പ്രകൃതിയിലുണ്ട്. അതിലൊന്നാണു സന്നിധാനത്തെ ആൽമരം. ദിനവും കത്തിജ്ജ്വലിച്ചു നിൽക്കുന്ന ആഴിയിലും കരിയാതെ തളിർത്തു നിൽക്കുന്ന ആൽമരം സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് അതിശയ കാഴ്ചയാണ്. പതിനെട്ടാംപടിക്കു മുൻപിലെ ആഴിയോടു ചേർന്നാണു നൂറ്റാണ്ടു പഴക്കമുള്ള ആൽമരം നിൽക്കുന്നത്. ഇത്തവണ മണ്ഡല കാലത്തിനു തുടക്കം കുറിച്ച് ആഴി തെളിച്ചു. അതിനു ശേഷം തീർഥാടകർ അർപ്പിച്ച നെയ്ത്തേങ്ങ മുറിയിൽ ആഴി ആളിക്കത്തുകയാണ്.
ആലിനോളം ഉയരത്തിലാണു ജ്വാല എത്തുന്നത്. ഒരു മിനിറ്റിൽ കൂടുതൽ ആഴിക്കു സമീപം നിൽക്കാൻ പറ്റില്ല. അത്രയ്ക്കു ചൂടാണ്. പക്ഷേ ആൽമരത്തിന്റെ ഇലകൾ കരിയുന്നില്ല. പകരം തളർക്കുകയാണ്. ഓരോ ദിവസവും പുതിയ ഇലകൾ വളർന്നുവരുന്നു. തിങ്ങിനിറഞ്ഞു തളിർത്ത ഇലയോടെയാണ് ഇപ്പോൾ ആൽ നിൽക്കുന്നത് അരയാൽ ആണിത്. വളരെയധികം ഓക്സിജൻ ഉൽപാദിപ്പിക്കുന്ന മരമെന്നു സസ്യശാസ്ത്രവിദഗ്ധർ പറയുന്നു. ആലിന്റെ ചുറ്റിലും നടക്കുന്നതും ആൽച്ചുവട്ടിൽ വിശ്രമിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരുടെ സാന്നിധ്യമാണ് ഈ മരത്തിനുള്ളതെന്നു ഹൈന്ദവ വിശ്വാസം.
അതുകൊണ്ടുതന്നെ ഏറെ വിശേഷമാണ് അരയാൽപ്രദക്ഷിണം. മൂലഭാഗത്ത് (വേര്)ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ (മുകളിൽ) ശിവനും വസിക്കുന്നുവെന്നാണു വിശ്വാസം. വൃക്ഷ രാജാവായും ആൽമരത്തെ കണക്കാക്കുന്നു. ത്രിമൂർത്തികൾക്ക് സ്ഥാനം കൽപ്പിച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് ശനിദോഷം മാറാൻ ഉത്തമമാണെന്നു ജ്യോതിഷത്തിലും പറയുന്നു.