മൂന്നുമാസം ദുരിതം; കിട്ടുന്ന വരുമാനം മുഴുവൻ ശുദ്ധജലം വാങ്ങാൻ ചെലവാക്കുന്ന നാട്ടുകാർ

Mail This Article
മലയാലപ്പുഴ∙ പഞ്ചായത്തിലെ 14–ാം വാർഡിൽ കോഴികുന്നം, ചേറാടി, പത്തിശ്ശേരി എന്നീ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം. വാർഡിലെ 366 കുടുംബങ്ങളാണു ശുദ്ധജലക്ഷാമത്താൽ വലയുന്നത്. 3 മാസമായി തുടർച്ചയായി വെള്ളം ലഭിക്കാത്തതിനാൽ കിട്ടുന്ന വരുമാനം മുഴുവൻ ജലം വാങ്ങാൻ ചെലവാക്കുകയാണു നാട്ടുകാർ. 3 നഗറുകളുള്ള പ്രദേശത്തുകൂടുതലും സാധാരണക്കാരാണു താമസിക്കുന്നത്.
കൂലിപ്പണി ചെയ്തും ഓട്ടോ ഓടിച്ചുമാണ് ഇവർ ഉപജീവനം നടത്തുന്നത്. മാസത്തിൽ 4 തവണയാണു നിലവിൽ പണം കൊടുത്തു വെള്ളം വാങ്ങുന്നത്. ഓരോ തവണയും 700 രൂപ വീതം വെള്ളത്തിനായി ചെലവാകുന്നുണ്ട്. ചില ദിവസങ്ങളിൽ രാത്രി 1 നു പൈപ്പിലൂടെ വെള്ളം വരുമെന്നും മുന്നറിയിപ്പില്ലാതെ വരുന്ന വെള്ളം എങ്ങനെ പിടിച്ചു വയ്ക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു. ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വെള്ളമില്ലാത്ത ദുരിതം ജല അതോറിറ്റി കാണുന്നില്ലേ?
∙ജലക്ഷാമം രൂക്ഷമായ വാർഡിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം ആശാകുമാരി 2 ദിവസം മുൻപു ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്കു നിവേദനം നൽകിയിരുന്നു. കൃത്യമായ ഇടവേളകളിൽ വാർഡിലെ ലൈനിലേക്ക് വെള്ളം വിടുക, അടിയന്തരമായി പൈപ്പ് പൊട്ടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടത്തുക, ചേറാടി, കവലമുക്ക് ഭാഗങ്ങളിൽ വാൽവുകൾ സ്ഥാപിക്കുക
തുടങ്ങിയ 3 ആവശ്യങ്ങളാണ് 90 പേരൊപ്പിട്ട നിവേദനത്തിൽ പ്രധാനമായും മുന്നോട്ട് വച്ചത്.പരാതി കോന്നി സെക്ഷനിലേക്ക് കൈമാറുമെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടും ക്ഷാമം രൂക്ഷമായ പ്രശ്നങ്ങൾ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദേശിക്കാൻ ജല അതോറിറ്റി തയാറായിട്ടില്ല. ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിത ഘടകമാണു ജലമെന്നു ജല അതോറിറ്റി പലപ്പോഴും മറന്നു പോകുന്നതായി ആശ കുമാരി പറയുന്നു.