പൈപ്ലൈൻ നവീകരണം : ആഴ്ചയിലൊരിക്കൽ മാത്രമുള്ള ശുദ്ധജലവിതരണം മുടങ്ങി

Mail This Article
ഭരതന്നൂർ ∙ ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ശുദ്ധജലവിതരണം മെയ്ന്റനൻസിന്റെ പേരിൽ മുടങ്ങിയതിനാൽ വലഞ്ഞ് പാങ്ങോട് പഞ്ചായത്തിലെ ഉപഭോക്താക്കൾ. ഭരതന്നൂർ എച്ച്എസ് ജംക്‌ഷൻ–പാക്കിസ്ഥാൻമുക്ക്–കൊച്ചാലുംമൂട് പൈപ്‌ലൈൻ നവീകരണമാണ് ഇതിനുകാരണം. ഉയർന്ന പ്രദേശങ്ങളായ സേമ്യാക്കട, കൈതപ്പച്ച, മാവു നിന്നപച്ച, നെല്ലിക്കുന്ന്, ഭരതന്നൂർ അംബേദ്കർ നഗർ, എക്സ് കോളനി, മാറനാട്, മൂന്നുമുക്ക്, മൂലപ്പേഴ്, വട്ടക്കരിക്കകം, തൃക്കോവിൽവട്ടം, പുളിക്കര മേഖലകളിലാണ് ജലവിതരണം തടസ്സപ്പെട്ടത്.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ജലവിതരണം ഉള്ളത്. പകുതി ദിവസം മാത്രം വെള്ളം വിതരണം ചെയ്ത ദിവസങ്ങളും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്ഷാമം നേരിടുന്ന സമയത്ത് പൈപ്‍ലൈൻ നവീകരണം നടത്തുന്നതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. പാങ്ങോട് പഞ്ചായത്തിന്റെ പകുതി പ്രദേശത്തും ശുദ്ധജലം എത്താതെ ബുദ്ധിമുട്ടുകയാണെന്നും വാട്ടർ അതോറിറ്റി ഇടപെട്ട് വിതരണം നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുള്ള എസി പൈപ്പ് നീക്കം ചെയ്ത് പകരം ഡിഐ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നതെന്നും 15 ദിവസത്തിനകം വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും ജലഅതോറിറ്റി വിഭാഗം അറിയിച്ചു.