ADVERTISEMENT

തൃപ്രയാർ∙ ശ്രീരാമക്ഷേത്രത്തിൽ ഏകാദശി നാളെ. രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്. ദേവസ്വത്തിന്റെ 15 ആനകളും വഴിപാടായി എത്തുന്ന ആനകളും ഉൾപ്പെടെ 25 ആനകൾ അണിനിരക്കും. ദേവസ്വം ശ്രീരാമൻ തിടമ്പേറ്റും. കിഴുക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. ശീവേലി 12.30 വരെ നീണ്ടുനിൽക്കും. തുടർന്ന് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വര കച്ചേരി. 2നു മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. 3നു കാഴ്ചശീവേലി.

ദേവസ്വത്തിന്റെ 11 ആനകൾ അണിനിരക്കും. പെരുവനം സതീശൻമാരാരുടെ പ്രമാണത്തിൽ ധ്രുവമേളം. വൈകിട്ട് 6ന് എടനാട് രാമചന്ദ്രൻ നമ്പ്യാർ പാഠകം അവതരിപ്പിക്കും. 6.30നു ദീപാരാധന. തൃപ്രയാർ രമേശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. രാത്രി 7.30ന് സ്റ്റേജിൽ സ്പെഷൽ നാഗസ്വരം. 11.30നു വിളക്കിനെഴുന്നള്ളിപ്പ്. തിങ്കളാഴ്ചയാണ് ദ്വാദശി.

ഇന്ന് ഉച്ചകഴിഞ്ഞ് 3നു ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ഏകാദശിക്കു തുടക്കമാകും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് 6നു ദീപാരാധനയ്ക്കു ശേഷം ക്ഷേത്രാങ്കണത്തിൽ തേവരും ശാസ്താവും കൂടി രണ്ട് ആനപ്പുറത്ത് എഴുന്നള്ളും. കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരം ഉണ്ടാകും. രാത്രി 10ന് ദശമി വിളക്ക് എഴുന്നള്ളിപ്പിന് 5 ആനകൾ അണിനിരക്കും. 

∙ ഏകാദശി വ്രതം നോറ്റ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഏകാദശി ഊട്ട് നാളെ രാവിലെ 7.30ന് ഊട്ടുപുര ഹാളിൽ ആരംഭിക്കും. പതിനായിരത്തിലേറെ പേർക്കാണ് ഊട്ട് ഒരുക്കുന്നത്. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, മാങ്ങക്കറി, പായസം എന്നിവയാണു വിഭവങ്ങൾ. 

∙ എഴുന്നള്ളിപ്പിനെത്തുന്ന ആനകൾക്ക് വെയിൽ കൊള്ളാതെ നിൽക്കുന്നതിനു പന്തൽ തയാറായി. കിഴക്കേ നടയിൽ ശാസ്താവിന്റെ അമ്പലത്തിന്റെ അടുത്താണു പന്തൽ. എലിഫന്റ് സ്ക്വാഡും സേവനത്തിനുണ്ടാകും. 

∙  ആനച്ചമയപ്രദർശനം ക്ഷേത്രാങ്കണത്തിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ആരംഭിക്കും. ദേവസ്വത്തിന്റെ 15 ആനകളുടെ ചമയങ്ങൾ പ്രദർശിപ്പിക്കും. 

∙  നിരീക്ഷണത്തിന് 68 സിസിടിവി ക്യാമറകൾ സജ്ജമാക്കി. ക്ഷേത്രത്തിനുള്ളിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള 58 ക്യാമറകൾക്കു പുറമേ പടിഞ്ഞാറേ നടപ്പന്തലിലും പടിഞ്ഞാറേനട ഭണ്ഡാരത്തിനടുത്തും  പോളി ജംക്‌ഷനിലും സിസിടിവി ക്യാമറകളുണ്ടാകും. 

∙ വൈദ്യസഹായത്തിനു മെഡിക്കൽ ടീം, ആംബുലൻസ് സൗകര്യം, ക്രമസമാധാനപാലനത്തിനു പൊലീസ് ടീം, അഗ്നിരക്ഷാസേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ സേവനവും ഒരുക്കിയിട്ടുണ്ട്. തൃപ്രയാറിൽ ഏകാദശി തിരക്കായി. വഴിയോരക്കച്ചവടക്കാർ നിറഞ്ഞു.

യന്ത്ര ഊഞ്ഞാൽ അടക്കമുള്ള പ്രദർശനവും തുടങ്ങി. നാട്ടിക പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വിപണനമേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. സിഡിഎസ് അധ്യക്ഷ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com