ADVERTISEMENT

തൃശൂർ ∙ നഗരഹൃദയത്തിലെ പ്രധാന സമ്മേളന വേദികളിലൊന്നായ തൃശൂർ ടൗൺഹാളിന്റെ (കെ.കരുണാകരൻ സ്മാരക ടൗൺഹാൾ) നവീകരണം പൂർത്തിയായി. 3 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണു ടൗൺഹാൾ നവീകരിച്ചത്. രാജഭരണ കാലത്തു ഭരണസിരാകേന്ദ്രമായിരുന്ന ചെമ്പൂക്കാവിൽ സ്ഥാപിച്ച ടൗൺഹാളിന്റെ 86 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു പഴമ നിലനിർത്തിയുള്ള അടിമുടി നവീകരണം. കൊളോണിയൽ രീതിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ തറ, ചുമരുകൾ എന്നിവയിലെ കേടുപാടുകളെല്ലാം പരിഹരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ചോർച്ച പരിഹരിച്ച് സീലിങ് ഉൾപ്പെടെയുള്ള മേൽക്കൂരയുടെ നവീകരണവും പെയിന്റിങ്ങും പൂർത്തിയായി.

പൈതൃക കെട്ടിട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം. ഏകദേശം 2.9 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ടൗൺഹാൾ, കൊച്ചി മഹാരാജാവ് 1938–ൽ പണികഴിപ്പിച്ചതാണ്. ഏറെക്കാലം മ്യൂസിയമായി പ്രവർത്തിച്ചതിനു ശേഷം പിന്നീടു കെട്ടിടം ടൗൺഹാളാക്കി മാറ്റുകയായിരുന്നു. സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കൈവശമുള്ള രണ്ടു ടൗൺഹാളുകളിൽ ഒന്നാണു തൃശൂരിലുള്ളത്. തിരുവനന്തപുരത്തെ വിജെടി ഹാളാണു (അയ്യങ്കാളി ഹാൾ) മറ്റൊന്ന്. തൃശൂരിന്റെ സാമൂഹിക ജീവിതത്തിൽ വലിയ സ്‌ഥാനമുള്ള ടൗൺഹാൾ പഴയ പ്രൗഢിയിൽ തലയെടുപ്പോടെ ഇനി പുതിയ സമ്മേളന തലസ്ഥാനമാകും.

ഉദ്ഘാടനം നാളെ
നവീകരിച്ച തൃശൂർ ടൗൺഹാളിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ, ടി.എൻ. പ്രതാപൻ എംപി, മേയർ എം.കെ. വർഗീസ് എന്നിവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com