കണ്ടതു കൊമ്പന്റെ തുമ്പിക്കൈയിൽ പിടയുന്ന ഭാര്യയെ; തലനാരിഴയ്ക്കു ജീവൻ തിരികെക്കിട്ടിയ അനുഭവം...

Mail This Article
പുൽപള്ളി ∙ പാഞ്ഞടുത്ത കൊമ്പന്റെ തുമ്പിക്കൈപ്പിടിയിൽനിന്നു തലനാരിഴയ്ക്കു ജീവൻ തിരികെക്കിട്ടി നേരത്തോടു നേരം കഴിഞ്ഞിട്ടു രാധയ്ക്കു വിറയൽ വിട്ടുമാറിയിട്ടില്ല. തിങ്കൾ രാത്രി 11 മണിയോടെയാണു ചീയമ്പം ആനപ്പന്തി കോളനിയിലെ ബിജുവിന്റെ ഭാര്യ രാധയെ കാട്ടാന തുമ്പിക്കൈയിൽ ചുറ്റിയെടുത്തത്. കുടുംബാംഗങ്ങൾക്കൊപ്പം ടിവി പരിപാടി കാണുന്നതിനിടെ ശുചിമുറിയിൽ പോകാനായി വീടിന്റെ പിൻവാതിൽ തുറന്നു പുറത്തിറങ്ങിയതായിരുന്നു രാധ. പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ല. ഭാര്യയുടെ കരച്ചിൽ കേട്ടെത്തിയ ബിജു കണ്ടതു കൊമ്പന്റെ തുമ്പിക്കൈയിൽ പിടയുന്ന ഭാര്യയെ. നിലവിളിച്ച് ഓടിയെത്തിയപ്പോൾ രാധയെ പിടിവിട്ട് ആന ബിജുവിനുനേരെ തിരിഞ്ഞു.
തുമ്പിക്കൈ ദേഹത്തു തട്ടിയെങ്കിലും ബിജു തിരിഞ്ഞോടി അടുക്കളയിൽ കയറി പാത്രങ്ങളെടുത്തു കൊട്ടി ശബ്ദമുണ്ടാക്കി. ആന വീടിനരികിലേക്കു മാറിയതോടെ രാധ ഓടി വീടിനുള്ളിൽ കയറുകയായിരുന്നു. മുന്നോട്ടു നീങ്ങിയ ആന വീണ്ടും തിരിച്ചെത്തിയെങ്കിലും കുടുംബാംഗങ്ങളും സമീപത്തെ വീട്ടുകാരുമെല്ലാം ചേർന്നു ശബ്ദമുണ്ടാക്കിയതോടെ തേക്ക് കൂപ്പിലേക്കു നീങ്ങുകയായിരുന്നു. വിവരമറിഞ്ഞു വനപാലകർ രാത്രിതന്നെ സ്ഥലത്തെത്തി. പഞ്ചായത്ത് അംഗം പ്രിയ മുരളി, ചീയമ്പം കോളനിയിലെ ഊരുമൂപ്പൻ വി.വി.ബോളൻ എന്നിവരും സ്ഥലത്തെത്തി. ഏതാനും ദിവസമായി ഈ കൊമ്പൻ പരിസരത്തു ചുറ്റിനടക്കുന്നതായി കോളനിക്കാർ പറയുന്നു.
തൂക്കുവേലി സ്ഥാപിക്കും, കാവൽ ശക്തമാക്കും
പുല്‍പള്ളി ∙ ആനപ്പന്തി കോളനിയിലും പരിസരത്തും രാത്രി പട്രോളിങ് ശക്തമാക്കുമെന്ന് വനംവകുപ്പ്. പ്രദേശത്ത് തൂക്കുവേലി സ്ഥാപിക്കുമെന്നും ചെതലയം റേഞ്ച് ഓഫിസര്‍ അറിയിച്ചു.
വന്യമൃഗ ശല്യം;കാർഷിക പുരോഗമന സമിതി സമരത്തിന്
പുൽപള്ളി ∙ കുടിയേറ്റ കാർഷിക മേഖലയിലെ അനിയന്ത്രിതമായ വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി സമരത്തിനിറങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ കൃഷിമേഖല പൂർണമായി തകർക്കുംവിധം കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തിയിൽനിന്ന് ഏറെ അകലെവരെ ആനയും മറ്റു മൃഗങ്ങളും എത്തുന്നു. ബസവൻകൊല്ലിയിൽ ശിവകുമാറിനെ കൊലപ്പെടുത്തിയ കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള സർക്കാരും വനംവകുപ്പും ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവം പുലർത്തുകയാണ്. ഈ സാഹചര്യത്തിലാണു നിലനിൽപിനായുള്ള സമരം ശക്തമാക്കാനുള്ള തീരുമാനം. അനീഷ് കെ.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷൻ പി.എം.ജോയി ഉദ്ഘാടനം ചെയ്തു. വത്സ ചാക്കോ, ടി.പി.ശശി, മാത്യു സഖറിയ, വെട്ടുവേലിൽ കുഞ്ഞുമോൻ, ബ്ലെസൻ ചെരിവുപുരയിടം, ഷാജി മുത്തുമാക്കുഴി, കെ.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.