ബീനാച്ചി റോഡ്: സമരം കടുക്കുന്നു, ലോങ് മാർച്ച് നാളെ

Mail This Article
പനമരം∙ രണ്ട് വർഷം മുൻപ് നിർമാണം ആരംഭിച്ച ബീനാച്ചി - പനമരം റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സമരം കടുക്കുന്നു. ജനകീയ സമിതി നടത്തിയ സമരത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടന്നു. സിപിഎം പൂതാടി ലോക്കൽ കമ്മിറ്റി ടൗണിൽ റോഡ് ഉപരോധിച്ചു.
റോഡ് നിർമാണം വൈകുന്നതിന് പിന്നിൽ കരാർ കമ്പനിയാണെന്നും സ്ഥലം എംഎൽഎ ഇടപെടുന്നില്ലെന്നും ആരോപിച്ചാണ് സിപിഎം പ്രവർത്തകർ റോഡ് ഉപരോധിച്ചത്. രാവിലെ മുതൽ വാഹനങ്ങൾ തടഞ്ഞ് അരമണിക്കൂർ നേരം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡ് ഉപരോധം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. ബേബി ഉദ്ഘാടനം ചെയ്തു. ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.വി. ജയൻ, ടി.വി. സുരേഷ്, കെ.എസ്. ഷിനു എന്നിവർ പ്രസംഗിച്ചു.
ലോങ് മാർച്ച് നാളെ
റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് പൂതാടി മണ്ഡലം കമ്മിറ്റിയുടെയും നടവയൽ ടൗൺ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നാളെ കേണിച്ചിറ മുതൽ നടവയൽ വരെ ലോങ് മാർച്ച് നടത്തും. തുടർന്ന് നടവയലിലെ പൊതുമരാമത്തു ഓഫിസ് ഉപരോധിക്കും.