കാട്ടാന ശല്യം വീണ്ടും; ചക്ക തേടി എത്തും, കാപ്പിയും വാഴയും കപ്പയുമെല്ലാം ചവിട്ടി മെതിച്ച് മടക്കം

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം വ്യാപകമായി. രാപകൽ വ്യത്യാസമില്ലാതെ തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. ചേകാടി, തോൽപ്പെട്ടി, കാരമാട്, അരമംഗലം ഭാഗങ്ങളിൽ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചിട്ടുണ്ട്.
ചക്ക പഴുക്കുന്ന കാലമായതിനാൽ വൈകീട്ടോടെ കാട്ടാനകൾ തോട്ടത്തിലെത്തുകയാണ്. കാപ്പിയും വാഴയും കുരുമുളകും കമുകും കപ്പയുമെല്ലാം ചവിട്ടി മെതിച്ചാണ് ഇവ മടങ്ങുക. പലയിടത്തും ട്രഞ്ച് ഇടിച്ച് നിരത്തിയാണ് കാട്ടാനയിറങ്ങുന്നത്. വേണ്ടത്ര ഫണ്ട് ലഭ്യമായില്ല എന്ന കാരണത്താൽ നിലവിലെ കാവൽക്കാരെയും വനംവകുപ്പ് ഒഴിവാക്കിയിരിക്കയാണ്.
പതിവായി ആനയിറങ്ങുന്ന ഇടങ്ങളിൽ കാവലിന് ആളില്ലാത്തത് വന്യമൃഗ ശല്യം രൂക്ഷമാകാൻ ഇടയാക്കുന്നുണ്ട്. കാട്ടാനകൾ നിരന്തരം ഇറങ്ങുന്ന ഭാഗങ്ങളിൽ അടിയന്തരമായി കാവൽക്കാരെ നിയോഗിക്കണമെന്ന് കിസാൻ സഭ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എൻ. കൃഷ്ണൻകുട്ടി, സെക്രട്ടറി എ.എൻ. സന്തോഷ് എന്നിവർ പ്രസംഗിച്ചു