കർഷകർ എന്തുകാട്ടാനാ?: കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി വയനാടൻ കർഷകർ

Mail This Article
കൽപറ്റ ∙ വന്യമൃഗ ശല്യത്തിൽ സഹികെട്ട് കൃഷികളൊന്നും ചെയ്യാനാവാതെ ജില്ലയിലെ കർഷകർ. ഏതാണ്ടെല്ലാ പഞ്ചായത്തുകളിലും വന്യമൃഗ ശല്യമുണ്ടിപ്പോൾ. ചുരുക്കം ചില നഗരങ്ങളിൽ മാത്രമാണു വലിയ ശല്യമില്ലാത്തത്. വനാതിർത്തി പ്രദേശങ്ങൾ മുഴുവൻ കാട്ടാനകളുടെ ഭീഷണിയിലാണ്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, പുൽപള്ളി, മുള്ളൻകൊല്ലി, തിരുനെല്ലി, തവിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. മാസങ്ങളായി ലക്കിടി, വൈത്തിരി, ചുണ്ടേൽ ഭാഗങ്ങളിൽ കാട്ടാനകൾ കൂട്ടമായെത്തുന്നുണ്ട്.

മൂപ്പൈനാട് പഞ്ചായത്തിലെ കാന്തൻപാറ വെള്ളച്ചാട്ടത്തിനു സമീപത്തെ ചെറുകിട കർഷകരുടെ കൃഷിയിടങ്ങളിൽ നേരത്തെ മുതൽ കാട്ടാന ശല്യമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി 2 കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി നാശം വരുത്തുകയാണ്. രാത്രിയിൽ വനത്തിൽ നിന്ന് കാന്തൻപാറ പുഴ കടന്നെത്തുന്ന ആനകൾ വെളുപ്പിന് തിരിച്ചു വനത്തിലേക്ക് പോവുകയാണ്. തിങ്കളാഴ്ച രാത്രി കള്ളാട്ടിൽ ജോയിയുടെ വീട്ടുമുറ്റത്തെത്തിയ ആനകൾ വ്യാപകമായി കൃഷിനാശം വരുത്തി.
മാങ്കുഴി ജോസഫ്, മാങ്കുഴി തങ്കച്ചൻ, ഷൈനി ഗാർഡൻ ജോബി, ഷൈനി ഗാർഡൻ ഷാജി, വട്ടപറമ്പിൽ ജോയി, കൊയപ്പത്തൊടി ജുനൈസ് എന്നിവരുടെ കൃഷിയിടങ്ങളിൽ നിരന്തരം ആനകൾ നാശം വരുത്തുന്നുണ്ട്. പുഴയ്ക്ക് അക്കരെ മേപ്പാടി പഞ്ചായത്ത് വെള്ളപ്പൻകണ്ടി പ്രദേശത്തും കുപ്പച്ചി, കള്ളാടി ആദിവാസി കോളനിക്ക് സമീപവും പകൽ സമയത്തും ആനയെത്തുന്നുണ്ട്. ഇവിടെയുള്ളവർക്ക് കൂലിപ്പണിക്കു പോകാൻ പോകാൻ പറ്റാത്ത അവസ്ഥയാണെന്നു പറയുന്നു.