ഗോത്ര മേഖലയിലെ സാഹചര്യങ്ങളെ നേട്ടമാക്കണമെന്നു മന്ത്രി

Mail This Article
കണിയാമ്പറ്റ ∙ ഗോത്ര മേഖലയുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികളും സൗകര്യങ്ങളും സർക്കാർ എത്തിക്കുകയാണെന്നും ഈ സാഹചര്യങ്ങളെയെല്ലാം നേട്ടമാക്കാൻ പുതിയ തലമുറകളിലെ ഗോത്ര മേഖലയിലെ കുട്ടികൾക്കു കഴിയണമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര തലമുറകൾ പിന്നോട്ടു നടക്കേണ്ടവരല്ല. പുക മണക്കുന്ന കൂരകളിൽ കുടുങ്ങിപ്പോയവരാണ് ആദിവാസി സമൂഹത്തിലെ മുൻ തലമുറകൾ.
ഇന്നു സമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തു പോലും ചുവടുറപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സംജാതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിത വഴികളിലെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കാൻ അധ്യാപകർക്കു കഴിയണം. ലഹരി ഉപഭോഗം തുടങ്ങിയ ദുശ്ശീലങ്ങൾ ജീവിത സ്വപ്നങ്ങളെ ശിഥിലമാക്കും. നല്ല പാഠങ്ങളാകട്ടെ ഇനിയുള്ള നാളുകളെന്ന് ആശംസിച്ചാണ് അദ്ദേഹം മടങ്ങിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.