നാട്ടുകാർക്ക് ആനപ്പേടി; അധികൃതർക്ക് അനാസ്ഥ

Mail This Article
പഴയ വൈത്തിരി ∙ ജനവാസ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മുൻപെങ്ങുമില്ലാത്തവിധം പഴയ വൈത്തിരി, തളിപ്പുഴ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തികളിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചെമ്പ്ര മലനിരകളോടു ചേർന്ന വനമേഖലകളിൽ നിന്നാണു കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. പതിവായി കാട്ടാനകളിറങ്ങുന്ന വനാതിർത്തികളിൽ പോലും ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ വട്ടപ്പാറയിലെ ജനവാസ മേഖലയിലെത്തിയ കാട്ടാന ഓട്ടോ തകർത്തു. വട്ടപ്പാറ അജയന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കാട്ടാന കുത്തിമറിച്ചിട്ടത്. ഇതിനോടു ചേർന്ന മുള്ളമ്പാറ, ചാരിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ വൻകൃഷിനാശം വരുത്തിയാണ് മടങ്ങുന്നത്. കഴിഞ്ഞ 18നു രാത്രിയോടെ പഴയ വൈത്തിരി, ചാരിറ്റി മേഖലകളിൽ കാട്ടാനക്കൂട്ടം മണിക്കൂറുകളോളമാണ് ഭീതി പരത്തിയത്.
ഒരു കുട്ടിയാന ഉൾപ്പെടെ 7 ആനകളാണ് പ്രദേശത്തിറങ്ങിയത്. പകൽസമയങ്ങളിൽ പഴയവൈത്തിരി കെഎസ്ഇബി ഓഫിസിനു പിറകിലെ വനമേഖലയിൽ നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം സന്ധ്യയാവുന്നതോടെ നാലുസെന്റ് കോളനി വഴി പഴയവൈത്തിരി, ചാരിറ്റി മേഖലകളിലേക്കിറങ്ങുകയാണ്. പകൽസമയങ്ങളിൽ പോലും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ പഴയവൈത്തിരി, തളിപ്പുഴ, മുള്ളമ്പാറ മേഖലകളിൽ മാത്രം ഏക്കർ കണക്കിനു സ്ഥലത്തെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. മാസങ്ങൾക്കു മുൻപ് അറമല മേഖലയിലെത്തിയ കാട്ടാനകൾ പ്രദേശത്തു കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളും കുടിവെള്ള ടാങ്കുകളും ഒട്ടേറെ കൃഷിയിടങ്ങളും നശിപ്പിച്ചാണ് തിരികെ കാടുകയറിയത്. 2 മാസം മുൻപ് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ ചേലോട് പള്ളിക്ക് സമീപമെത്തിയ കാട്ടാനകൾ 20 മിനിറ്റോളം ദേശീയപാതയോരത്തു ഭീതി പരത്തിയിരുന്നു.