കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു; ഇത് കൊലച്ചതി

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്തുമാരിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ചെല്ലിമറ്റത്തിൽ ഫിലോമിന യോഹന്നാന്റെ കൃഷിയിടത്തിലെ കാപ്പി, കമുക്, വാഴ, തെങ്ങ്, കുരുമുളക് എന്നിവ കാട്ടാനകൾ ചവിട്ടി മെതിച്ചു. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കാട്ടാനകൾ തകർത്തു. 4 ആനകളാണ് ഒരേ സമയം കൃഷിയിടത്തിൽ ഇറങ്ങി നാശം വിതച്ചതെന്നു നാട്ടുകാർ പറഞ്ഞു.
വനപാലകരെ വിവരം അറിയിച്ചാലും ഫലമൊന്നുമില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. അനുദിനം രൂക്ഷമായി വരുന്ന വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും കാട്ടാന കൃഷി നശിപ്പിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമാണു കർഷകരുടെ ആവശ്യം. തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. കാട്ടാനയും കാട്ടിയും കുരങ്ങും മാനുമെല്ലാം കൃഷിയിടത്തിൽ ഇറങ്ങി നാശം വിതയ്ക്കുന്നതു പതിവായിരിക്കുകയാണ്.