പൂതാടിയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷം

Mail This Article
പനമരം ∙ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നു കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നാശം വരുത്തുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ നടവയൽ പ്രദേശത്ത് ഇറങ്ങിയ കാട്ടാന ഐക്കര തോമസിന്റെ അടക്കം ഒട്ടേറെ കർഷകരുടെ കൃഷികൾ നശിപ്പിച്ചു. തോമസിന്റെ തോട്ടത്തിൽ ബാക്കി ഉണ്ടായിരുന്ന 3 തെങ്ങുകളും കുടി കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നശിപ്പിച്ചു. വനംവകുപ്പ് വനാതിർത്തികളിലും കർഷകർ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുത വേലി തകർത്താണു കാട്ടാന കൃഷിയിടത്തിലിറങ്ങുന്നത്.നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, പാപ്ലശ്ശേരി അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന തെങ്ങ്, കമുക്, കുരുമുളക്, ഏലം, ഗ്രാമ്പു, വാഴ, കാപ്പി അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്നതിനു പുറമേ വലിയ റബർ മരങ്ങളും കുത്തി മറിച്ചിടുന്ന സ്ഥിതിയാണുള്ളത്. പാതിരി സൗത്ത് സെക്‌ഷനിൽ നെയ്ക്കുപ്പ കക്കോടൻ ബ്ലോക്ക് മുതൽ ദാസനക്കര വരെ 14.5. കിലോമീറ്റർ ദൂരത്തിൽ ഏഴര കോടി ചെലവിൽ ക്രാഷ്ഗാഡ് ഫെൻസിങ് നിർമിക്കുന്നതിന് നടപടികളായിരുന്നു. എന്നാൽ, കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ മൂലം മുടങ്ങിയ അവസ്ഥയാണ്.