ആരോ പിറകിലുണ്ടെന്ന് തോന്നിയപ്പോൾ ആരാടാ? എന്ന് ഉറക്കെ ചോദിച്ചതേ ഓർമയുള്ളു; പിന്നിൽ പിഎം2 എന്ന കൊലയാളി മോഴ

Mail This Article
ബത്തേരി ∙ നാടിനെ മുള്‍മുനയില്‍നിര്‍ത്തി ബത്തേരി നഗരത്തിലിറങ്ങിയതു ഗൂഡല്ലൂരിൽ രണ്ടു മനുഷ്യരുടെ ജീവനെടുത്ത കാട്ടാന. ഗൂഡല്ലൂരിനെ വിറപ്പിച്ച പിഎം 2 എന്ന കൊലയാളി മോഴയാണു നഗരത്തില്‍ വഴിപോക്കനെ എടുത്തെറിയുകയും ബസിനു നേരെ ചീറിയടുക്കുകയും സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ക്കുകയും ചെയ്തത്. പിഎം 2 ഇതുവരെ 2 പേരെ കൊന്നിട്ടുണ്ടെന്നു ഗൂഡല്ലൂരിൽ നിന്നെത്തിയ വനപാലക സംഘാംഗങ്ങൾ പറഞ്ഞു. റോഡിലൂടെ നടക്കലാണു സ്ഥിരം പരിപാടി. മുൻപിൽ ആളെക്കണ്ടാൽ തട്ടും. വീടുകൾ തകർക്കലാണു മറ്റൊരു ഹോബി. ഗൂഡല്ലൂരിൽ മാത്രം 5 വീടുകൾ തകർത്തിട്ടുണ്ട്.
സ്ഥിരം പ്രശ്നക്കാരനായതോടെ മയക്കുവെടി വച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടതാണ്. റേഡിയോ കോളറിന്റെ ആന്റിനയുമായാണു തമിഴ്നാട് വനപാലക സംഘം ഇന്നലെ ബത്തേരിയിലെത്തിയത്. അതുപയോഗിച്ചു കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.ഇന്നലെ ഏറെ വൈകിയും ആനയെ തുരത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. മയക്കുവെടി വച്ചു പിടികൂടണമെന്നുള്ള ശുപാർശയും ചീഫ് വൈൽഡ് ലൈഫ് വാർഡനു നല്‍കി. വയനാട് വന്യജീവി സങ്കേതം ആർആർടി സംഘവും ഗൂഡല്ലൂരിൽ നിന്നുള്ള നിരീക്ഷകരുമടക്കം 30 അംഗ ദൗത്യ സംഘമാണു കാട്ടാനയുടെ പിന്നാലെയുള്ളത്.
ബത്തേരി ടൗണിൽ കാട്ടാനയിറങ്ങിയതോടെ നിരോധനാജ്ഞയും സ്കൂൾ അവധിയും ഒപ്പമെത്തി. നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ട 4,6,9,10,15,23,24,32,34,35 വാർഡുകളിലെ സ്കൂളുകൾക്കാണ് കലക്ടർ ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ അവധി പ്രഖ്യാപിച്ചത്.മിന്നൽ അവധി വന്നതോടെ സ്കൂൾ വാർഷികം നടത്തുന്ന സ്കൂളുകളിൽ അങ്കലാപ്പായി. പിന്നീട് കലക്ടറുമായി ബന്ധപ്പെട്ടാണു പരിഹാരമുണ്ടായത്. വയനാട്ടിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനകളും കടുവകളും ജനവാസമേഖലകളിലേക്കിറങ്ങുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ബത്തേരി നഗരമധ്യത്തിലെ വീടിനു മുന്നിലെ മതിൽ ചാടിക്കടക്കുന്ന കടുവയുടെ ദൃശ്യവും അടുത്തിടെ പുറത്തുവന്നിരുന്നു.
കാട്ടാന ബത്തേരിനഗരത്തിലെത്തിയ വഴി
റെയിൽപാള വേലി മറികടന്നാണു കാട്ടുമോഴ ബത്തേരി ടൗണിലേക്കെത്തിയത്. ചതുപ്പു നിറഞ്ഞ പ്രദേശത്ത് റെയിൽപാള വേലിയുടെ അടിയിലൂടെ ഊർന്നിറങ്ങി കടന്നു പോരാനാകും വിധം ചാലുണ്ടാക്കി ആന പുറത്തെത്തി. 2 വർഷം മുൻപാണു കൂടല്ലൂർ മുതൽ ബത്തേരി കോട്ടക്കുന്ന് വരെ 10 കിലോമീറ്റർ ദൂരത്തിൽ കോടികൾ മുടക്കി റെയിൽപാള വേലി സ്ഥാപിച്ചത്. റെയിൽപാള വേലി ആനയെ തടുക്കുന്നുണ്ടെങ്കിലും നിർമാണ രീതിയിലെ അപാകതകൾ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വനാതിർത്തിയിൽ നിന്നു രാഗം തിയറ്റർ റോഡിലൂടെ സ്റ്റേറ്റ് ബാങ്കിന് മുൻവശം വഴിയാണു ടൗണിലെ ദേശീയ പാതയിലേക്കു കയറിയത്. റോഡ് കുറുകെ കടന്നു നഗരസഭാ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലെത്തിയ ആന അവിടെ ഏറെ നേരം ചെലവഴിച്ചു. പുറത്തു കടക്കാൻ ശ്രമിച്ച കാട്ടാന അവിടെ കണ്ട മതിലും തകർത്തു. തുടർന്നു വീണ്ടും റോഡിലേക്ക് കയറി ദേശീയപാതയിലൂടെ നടന്നു നീങ്ങി. ടൗണിൽ പൂച്ചെടികൾ സ്ഥാപിച്ച കൈവരികൾക്കു സമീപത്തു കൂടി പുലർച്ചെ 2നു പുതച്ചു മൂടി നടന്നു പോവുകയായിരുന്നു തമ്പി എന്ന സുബൈർകുട്ടി.
പിന്നിലെത്തിയ ആന തുമ്പിക്കൈ ഉപയോഗിച്ച് മുൻപോട്ടു തട്ടിയെറിഞ്ഞു. നടപ്പാതയിൽ വീണ തമ്പിയെ ആന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇരുമ്പു കൈവരികൾ തടസ്സമായതോടെ ജീവന്‍ രക്ഷിക്കാനായി. ടൗണിലൂടെയെത്തിയ ബസിനു നേരെയും കാട്ടാന ചീറിയിടത്തു. ജയ പാർക്കിങ് ഗ്രൗണ്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴാണ് ബസ് എത്തിയത്. ബസിനു നേരെ ഉച്ചത്തിൽ ചിന്നം വിളിച്ചാണു കാട്ടാന ഓടിയടുത്തത്. ടൗണായതിനാൽ കാട്ടാനയെന്ന ചിന്ത പോലുമില്ലാതിരുന്ന ഡ്രൈവറും ഉണർന്നിരുന്ന യാത്രക്കാരും ആനയെ കണ്ട് അമ്പരന്നു.
നിമിഷനേരം കൊണ്ട് തൂക്കിയെറിഞ്ഞു
രാത്രിയിൽ കട്ടൻചായ കുടിക്കാനാണ് ടൗണിലേക്കെത്തിയത്. തട്ടുകടയിൽ നിന്ന് ചായ കുടിച്ച ശേഷം പാതയോരത്തു കൂടി നടക്കുകയായിരുന്നു. ആരോ പിറകിലുണ്ടെന്ന് തോന്നിയപ്പോൾ ആരാടാ? എന്ന് ഉറക്കെ ചോദിച്ചതേ ഓർമയുള്ളു. തുമ്പിക്കൈ കൊണ്ട് തട്ടിയൊരേറായിരുന്നു. തെറിച്ചു നടപ്പാതയിലേക്കാണു വീണത്. കൈവരികൾ ഉണ്ടായിരുന്നതിനാൽ കുത്തേറ്റില്ല. എഴുന്നേറ്റ് ഏറെ ദൂരം ഓടി. പിന്നീട് ട്രാഫിക് ജംക്‌ഷനിൽ എത്തി കിടന്നു പോയി.

തമ്പി (കാട്ടാനയാക്രമണത്തിൽ നിന്നു രക്ഷപെട്ടയാൾ)
കണ്ണു തുറന്നപ്പോൾ കാട്ടാന മുറ്റത്ത്
നായയുടെ കുര കേട്ടു പുലർച്ചെ നാലിന് ഉണർന്നു നോക്കുമ്പോൾ കാട്ടാന മുറ്റത്തു നിൽക്കുന്നതാണു കണ്ടത്. മുറ്റത്തുണ്ടായിരുന്ന പപ്പായച്ചെടി പിഴുതെറിഞ്ഞു. ഏറെ നേരം ആന പ്രദേശത്തു തന്നെ ഉണ്ടായിരുന്നു. വനപാലകർ രാവിലെ ഏഴു വരെ വീടിനു സുരക്ഷയൊരുക്കി.
രാംദാസ് കിഴക്കോച്ചാലില്‍ സത്രംകുന്ന് പ്രദേശവാസി
മുറ്റത്തെ വാഴകൾ തിന്നു തീർത്തു
രാത്രി എട്ടിനു വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പന്നിയായിരിക്കുമെന്നു കരുതിയാണു വാതിൽ തുറന്നത്. കാട്ടാന വാഴ തിന്നുന്നതാണു കണ്ടത്. ടോർച്ചടിച്ചപ്പോൾ ഞങ്ങളുടെ നേരെ പാഞ്ഞു വന്നു. ഉടൻ അകത്തു കയറി വാതിലടച്ചു. വനപാലകരെത്തി തുരത്തിയപ്പോൾ കാപ്പിത്തോട്ടത്തിലേക്കു കയറി. ഒരു മണിക്കൂർ കഴിഞ്ഞാണ് കാട്ടാന സ്ഥലത്തു നിന്ന് പോയത്. ഇരുപതോളം വാഴകൾ കാട്ടാന നശിപ്പിച്ചു.
അഞ്ചുമ്മല്‍ ഇസ്ഹാഖ് (മുള്ളന്‍കുന്ന് സ്വദേശി)
ആനയ്ക്കു പിന്നാലെ ആർആർടി

ടൗണിലിറങ്ങിയ കാട്ടാനയ്ക്കു പിന്നാലെ ആർആർടി റേഞ്ച് ഓഫിസർ എൻ. രൂപേഷിന്റെ നേതൃത്വത്തിലുള്ള 30 അംഗ ദൗത്യ സംഘമാണുള്ളത്. പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്തുന്ന ദൗത്യത്തിനിടെയാണു ബത്തേരിയിലേക്കു പൊടുന്നനെ തിരികെയെത്തേണ്ടി വന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആറംഗ സംഘവും ഒപ്പമുണ്ട്. റേഡിയോ കോളർ ആന്റിന ഉപയോഗിച്ചാണ് ആനയുടെ നീക്കങ്ങൾ മനസ്സിലാക്കുന്നത്. ആനയെ കാട്ടിലേക്കു തുരത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇന്നലെ നടത്തിയത്. മയക്കുവെടി വച്ചു പിടികൂടുന്നതു സംബന്ധിച്ചുള്ള നീക്കവും നടക്കുന്നുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ മയക്കുവെടി ദൗത്യം നടപ്പാക്കൂ.
കല്ലൂർ ടൗണിലും കാട്ടാന

ബത്തേരി ∙ കല്ലൂർ ടൗണിലും കൃഷിയിടങ്ങളിലും ഇന്നലെ രാത്രി കാട്ടാനയെത്തി. സംവിധായകൻ ശരത് ചന്ദ്രൻ വയനാടിന്റെ കൃഷിയിടത്തിലെ മുന്നൂറിലധികം വാഴകൾ കാട്ടാന നശിപ്പിച്ചു. 5 മാസം പ്രായമായ വാഴകളാണു പൂർണമായും നശിച്ചത്. പ്രദേശവാസികളായ ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങളിൽ ആന വൻനാശം വരുത്തി.