വണ്ടിക്കടവ് വിടാതെ കാട്ടാനകൾ; കൃഷിയിടങ്ങൾ വെളുപ്പിക്കുന്നു

Mail This Article
പുൽപള്ളി ∙ വണ്ടിക്കടവ് ഗ്രാമത്തിൽ ഒരാഴ്ചയായി കാട്ടാന സ്ഥിരം ശല്യക്കാരനാകുന്നു. കാടിറങ്ങിയ ഒറ്റയാൻ ഒരാഴ്ചയ്ക്കിടെ ഇവിടെ തള്ളിയിട്ടത് 20 ഓളം തെങ്ങുകളാണ്. ബാക്കി കൃഷിനാശം വേറെയും. വേട്ടകുന്നേൽ തോമസിനും തറയിൽ പാപ്പച്ചനും 8 വീതം തെങ്ങുകൾ നഷ്ടമായി. വലിയതോതിൽ തേങ്ങ വിറ്റിരുന്ന പ്രദേശത്തെ കർഷകർക്ക് ഇനി വീട്ടാവശ്യത്തിനുള്ള തേങ്ങ കടയിൽ നിന്നു വാങ്ങേണ്ട അവസ്ഥ.
വെള്ളിയാഴ്ച രാത്രി വേലമ്മാവുടി നാരായണന്റെ തോട്ടത്തിൽ നിന്ന തെങ്ങ് വൈദ്യുതി ലൈനിലേക്കാണ് തള്ളിയിട്ടത്. ഒരു തെങ്ങ് വീഴുമ്പോൾ അതിനു സമീപത്തെ എല്ലാ വിളകളും നശിക്കുന്നു.വേനൽ ശക്തമായതോടെ ഉൾവനത്തിലെ ആനകളും വനാതിർത്തികളിലേക്ക് നീങ്ങി. വന്യജീവി സങ്കേത്തോടു ചേർന്ന ബന്ദിപ്പൂർ കടുവ സങ്കേതത്തിലാകെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. വനത്തിനുള്ളിൽ യന്ത്രങ്ങളുപയോഗിച്ചാണ് ഫയർലൈനുകൾ നിർമിക്കുന്നത്.
വനത്തിൽ ആളുകളും വാഹനങ്ങളുമെല്ലാം നിരന്നതോടെ ആനകൾ കേരള വനത്തിലേക്കു പ്രവേശിച്ചു. ഇവയും കാടിറങ്ങി കൃഷിനാശമുണ്ടാക്കുന്നു. കന്നാരംപുഴയാണ് വെള്ളംകുടിക്കാനുള്ള സ്ഥലം. സന്ധ്യയോടെ പുഴയിലിറങ്ങുന്ന ആനകൾ മടങ്ങുന്നതിനു പകരം നേരെ കൃഷിയിടങ്ങളിലേക്കു പ്രവേശിക്കുന്നു. നേരം പുലരും വരെ തോട്ടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞാണു യാത്ര. തൂക്കുവേലിയുടെ അടിയിലൂടെ നുഴ്ന്നിങ്ങിറയാണു വരവ്.