മഴ: കുറച്ചുപെയ്തു കൂടുതൽ നശിപ്പിച്ചു

Mail This Article
കൽപറ്റ ∙ ജൂണിലെ 78% മഴക്കുറവിനു ജൂലൈയിലെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷ തെറ്റി. ഈ കാലവർഷത്തിലും വയനാട്ടിൽ വേണ്ടത്ര മഴ പെയ്തില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ 1 മുതൽ ജൂലൈ 29 വരെയുള്ള കണക്കു പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവുള്ള ജില്ലകളിലൊന്ന് വയനാടാണ്. ലഭിക്കേണ്ട മഴയിൽ 46 ശതമാനം കുറവ്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 50%. തൊട്ടുപിന്നിലാണ് വയനാടും കോഴിക്കോടും(46). ജൂൺ, ജൂലൈ മാസങ്ങളിൽ 1556.2 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 835.4 മില്ലിമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂ. കഴിഞ്ഞ ജൂണിൽ 60 ശതമാനമായിരുന്നു മഴക്കുറവ്.
ജൂലൈ അവസാനവാരം മോശമല്ലാത്ത മഴ ലഭിച്ചെങ്കിലും മഴക്കുറവിനു പരിഹാരമായില്ലെന്നു മാത്രമല്ല, പെട്ടെന്നുണ്ടായ മഴയിൽ കൃഷിനാശവും ഉണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. കാലവർഷത്തിൽ 27 വീടുകളാണു ജില്ലയിൽ തകർന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം ഇക്കുറി വയനാട്ടിൽ 20.55 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. 1659 ഹെക്ടർ വാഴക്കൃഷി ഉൾപ്പെടെ ആകെ 1681 ഹെക്ടർ സ്ഥലത്തെ കൃഷി വെള്ളംകയറിയും കാറ്റിലും നശിച്ചു. ഇടവിട്ട് പെയ്യുന്ന കനത്തമഴ കൃഷിക്കു ഉപയുക്തമാകുന്നില്ലെന്നു മാത്രമല്ല, നാശനഷ്ടത്തിന്റെ തോത് വർധിപ്പിക്കുകയുമാണെന്നു കർഷകർ പറയുന്നു.
മഴക്കുറവിനൊപ്പം മഴവിതരണത്തിലെ അസന്തുലിതാവസ്ഥയും ജില്ലയിൽ നിലനിൽക്കുന്നുണ്ട്. ഇത് കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഇക്കുറിയും കാര്യമായ മഴ ലഭിച്ചില്ല. കർണാടകാതിർത്തിയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ പത്തിലൊന്നു പോലും ഈ പ്രദേശത്ത് ലഭിച്ചിട്ടില്ല