ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Mail This Article
ബത്തേരി ∙ മുത്തങ്ങ–ബന്ദിപ്പൂർ വനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികരായ യുവാക്കൾ. കർണാടക സ്വദേശികളായ 2 യുവാക്കളാണു ഇന്നലെ രാവിലെ എട്ടോടെ ബന്ദിപ്പൂർ വനമേഖലയിൽ വച്ച് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. കാട്ടാന ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും യുവാക്കൾ രക്ഷപ്പെടുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.
യുവാക്കൾക്കു പിന്നിലായി, ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന കോട്ടയ്ക്കൽ സ്വദേശി നാസറാണ് ദൃശ്യങ്ങൾ പകർത്തിയത്. നിലത്തു വീണ ബൈക്ക് ഉയർത്താൻ ശ്രമിക്കുകയായിരുന്നു യുവാക്കൾ. സമീപത്തായി കാട്ടാനയുള്ളത് ശ്രദ്ധിച്ചില്ല. ഇൗ സമയം ഇതു വഴി വരികയായിരുന്ന നാസറും സുഹൃത്തുക്കളും ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെയാണു ഇവർ കാട്ടാനയെ കണ്ടത്.
കാട്ടാന പാഞ്ഞടുക്കുന്നത് കണ്ടു യുവാക്കളിലൊരാൾ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കാട്ടിലേക്ക് മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. കാട്ടാന പിന്നാലെ പാഞ്ഞെത്തിയെങ്കിലും യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിമാറുകയും പിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഭവ സ്ഥലത്തു കാട്ടാന നിലയുറപ്പിച്ചതോടെ ഏറെനേരം കഴിഞ്ഞാണു യുവാക്കൾക്കു യാത്ര തുടരാനായത്.