വെള്ളമുണ്ടയ്ക്ക് ചെണ്ടുമല്ലി നിറം; നാട്ടുകാർക്ക് ഇത്തവണ പൂക്കൾ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല
Mail This Article
വെള്ളമുണ്ട ∙ നാട്ടുകാർക്ക് ഇത്തവണ പൂക്കൾ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല. ഓണപ്പൂക്കളം ഒരുക്കാൻ ആവശ്യമായ ചെണ്ടുമല്ലി പൂത്തുനിറഞ്ഞിരിക്കുകയാണ് വെള്ളമുണ്ടയിൽ. പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ 5 ഏക്കറിലാണ് മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിക്കൃഷി. പൂക്കൃഷി വൻ വിജയമായതോടെ പഞ്ചായത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാർക്ക് പൂക്കൾ നൽകാൻ കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ 3 കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 3 ഏക്കറിലും സ്വകാര്യ കൂട്ടായ്മയിൽ 2 ഏക്കറിലുമാണ് കൃഷി നടത്തിയത്. കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. കൃഷി ഓഫിസർ കെ.ആർ. കോകില, പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, സിഡിഎസ് ചെയർ പഴ്സൻ സജ്ന ഷാജി എന്നിവരാണു പദ്ധതിക്ക് നേതൃത്വം നൽകിയത്.സ്വന്തം നാട്ടിലെ പൂക്കൃഷിയിൽ നിന്ന് വിളവെടുത്ത പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർക്കാമെന്ന സന്തോഷത്തിലാണ് നാട്ടുകാർ.