ADVERTISEMENT

ബത്തേരി ∙ വാകേരിക്കടുത്ത് സീസിയിൽ പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു. സൗത്ത് വയനാട് ഡിവിഷനിലെ ഡബ്ല്യുവൈഎസ് 9 എന്ന കടുവയാണ് ചെതല‍ത്തു റെയ്ഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിസിയിൽ പശുക്കിടാവിനെ കൊന്നു ഭക്ഷിച്ചതെന്നു രാത്രി വൈകി ഇറക്കിയ പത്രക്കുറിപ്പിൽ വനംവകുപ്പ് വ്യക്തമാക്കി.

വാകേരിക്കടുത്ത് സീസിയില്‍ പശുക്കിടാവിനെ കൊന്നതായി വനംവകുപ്പ് സ്ഥിരീകരിച്ച കടുവ – ഡബ്ല്യുവൈഎസ് 09.
വാകേരിക്കടുത്ത് സീസിയില്‍ പശുക്കിടാവിനെ കൊന്നതായി വനംവകുപ്പ് സ്ഥിരീകരിച്ച കടുവ – ഡബ്ല്യുവൈഎസ് 09.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയെത്തിയതിന്റെ പിറ്റേന്നു തന്നെ ചിത്രം പതിഞ്ഞെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. എന്നാൽ, കടുവയുടെ വ്യക്തമായ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്നും കടുവയെ തിരിച്ചറിഞ്ഞോയെന്നും ഇന്നലെ രാത്രി 9 മണിവരെ വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരുന്നതു പല അഭ്യൂഹങ്ങൾക്കും ഇടയാക്കി. 

വാകേരി, സീസി, കൂടല്ലൂർ പ്രദേശങ്ങളിൽ കടുവകൾ ഒന്നിനു പുറകെ ഒന്നായി എത്തുമ്പോൾ വനംവകുപ്പും ജീവനക്കാരുടെ സംഘടനകളും ഉയർത്തുന്ന വാദങ്ങളെ ഖണ്ഡിച്ച് കിഫ അടക്കമുള്ള കർഷക സംഘടനകളും നാട്ടുകാരിൽ ചിലരും രംഗത്തെത്തി. തൊഴുത്തിൽ ക്യാമറ സ്ഥാപിച്ച് കടുവയുടെ ദൃശ്യങ്ങൾ കൃത്യമായി പകർത്തിയ കിഫ ഏതു കടുവയാണെന്ന് നമ്പർ അടക്കം തിരിച്ചറിഞ്ഞെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

സ്വകാര്യസ്ഥലത്ത് കടുവകളെ നിരീക്ഷിക്കാൻ വനംവകുപ്പിനല്ലാതെ മറ്റാർക്കും അനുമതിയില്ലെന്നു കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് എന്ന സംഘടന പത്രക്കുറിപ്പുമിറക്കി. കടുവകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കാര്യങ്ങളും ശരിയല്ലെന്നും തെറ്റായ പ്രചാരണങ്ങൾ പാടില്ലെന്നും കഴിഞ്ഞ ദിവസം വനംവകുപ്പും അറിയിച്ചിരുന്നു.

കടുവയെ തിരിച്ചറിഞ്ഞെന്ന് കിഫ അവകാശ വാദം ഉന്നയിച്ചതോടെ തങ്ങൾ നേരത്തെ കടുവയെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാൽ, ഔദ്യോഗിക വിവരം പുറത്തു വിടാൻ കഴിയില്ലെന്നുമാമഉ വനംവകുപ്പ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് കടുവയുടെ പേരു സഹിതം പത്രക്കുറിപ്പിറക്കുകയായിരുന്നു.

വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട വനംവകുപ്പ് നടപടികൾ സുതാര്യമാക്കുകയും ജനപ്രതിനിധികളെയും നാട്ടുകാരെയും സംഘടനകളെയുമെല്ലാം വിശ്വാസത്തിലെടുക്കുകയും ചെയ്താൽ അഭ്യൂഹങ്ങൾക്കും കുപ്രചാരണങ്ങൾക്കും അറുതിവരുത്താമെന്നു കർഷകപ്രതിനിധികൾ അഭിപ്രായപ്പെടുന്നു. 

കടുവ ഡബ്ല്യുവൈഎസ് 17 അല്ലെങ്കിൽ വനംവകുപ്പ് പറയട്ടെ 
ശേഖരിച്ച ചിത്രങ്ങൾ വന്യജീവി വിദഗ്ധൻ ജോസഫ് ഹ്യൂവറിന്റെ സഹായത്തോടെ വനംവകുപ്പ് അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തു വിട്ടിട്ടുള്ള കടുവ ചിത്രങ്ങളുമായി ഒത്തു നോക്കിയെന്നും വരകളുടെ പ്രത്യേകതകളിലൂടെ അതു വനംവകുപ്പിന്റെ പട്ടികയിലെ ഡബ്ല്യുവൈഎസ് 17 എന്ന കടുവയാണെന്നുമാണ് കിഫ പ്രതിനിധി പോൾ മാത്യൂസ് പറഞ്ഞത്.

അല്ലെങ്കിൽ വനംവകുപ്പ് പരിശോധിച്ച് പറയട്ടെ എന്നും അദ്ദേഹം പറയുന്നു. വയനാട് വന്യജീവി സങ്കേതത്തിലും വയനാട്ടിലെ സൗത്ത് നോർത്ത് ഡിവിഷനുകളിലും ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് കണക്കെടുപ്പ് നടത്തിയപ്പോൾ ലഭിച്ച കടുവ ചിത്രങ്ങളാണു വനംവകുപ്പ് നമ്പറുകൾ നൽകി പ്രസിദ്ധീകരിച്ചത്. കൂടല്ലൂരിൽ കെണിയിലായ നരഭോജി കടുവ വനംവകുപ്പിന്റെ പട്ടികയിലുള്ള ഡബ്ല്യുഡബ്ല്യുഎൽ 45 ആണെന്ന് കണ്ടെത്തിയതും അപ്രകാരമാണ്. 

കടുവകളേതെന്നും തർക്കം 
പ്രജീഷിനെ കൊന്ന കടുവയും പിടിയിലായ ഡബ്ല്യുഡബ്ല്യുഎൽ 45 ഉം ഒന്നാണോ എന്നാണ് ആദ്യ തർക്കം. ക്യാമറകളിൽ പതിഞ്ഞ ചിത്രം നോക്കി സ്ഥിരീകരിച്ചുവെന്നാണു വനംവകുപ്പ് വാദം.      എന്നാൽ, വെബ്സൈറ്റിൽ നേരത്തയുള്ള ചിത്രവും കൂട്ടിലായ ചിത്രവും ഒത്തു നോക്കി എങ്ങനെ സ്ഥിരീകരിക്കാനാവുമെന്നും പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തു സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിൽ മാത്രമല്ലേ അത് ശരിയാവുകയുള്ളുവെന്നും ചോദ്യമുയരുന്നു.    പ്രജീഷ് കൊല്ലപ്പെട്ട ചതുപ്പു വയലിൽ നിന്ന ചിത്രം കിട്ടിയിട്ടുണ്ടാകാമെന്നും അതാണ് വനംവകുപ്പ് പരിശോധിച്ചതെന്നും കരുതുന്നു. 

മുഖത്ത് വായോടു ചേർന്ന് ആഴത്തിൽ മുറിവുള്ള കടുവ എങ്ങനെ ഇരയെ കൊന്നു വലിച്ചു കൊണ്ടു പോകുമെന്നും ചോദ്യമുണ്ട്. കടുവ തീർത്തു കിടപ്പിലാകുന്നതു വരെ ഇര തേടുമെന്നതാണ് ഇതിന് മറുവാദമുന്നയിക്കുന്നവർ പറയുന്നത്. ഞാറ്റാടി വാകയിൽ സന്തോഷിന്റെ പശുവിനെ കൊന്ന കടുവ ഏതാണെന്നാണ് രണ്ടാമത്തെ ചോദ്യം. അത് പ്രജീഷിനെ കൊന്ന കടുവയല്ലെന്നാണു നാട്ടുകാർ പറയുന്നത്. എന്നാൽ രണ്ടും ഒരു കടുവയാണെന്ന് വനംവകുപ്പ് അന്ന് പറഞ്ഞിരുന്നു.     പശുവിനെ കൊന്ന ഭാഗത്തു നിന്നുള്ള ക്യാമറകളിൽ ചിത്രം പതിഞ്ഞെങ്കിൽ മാത്രമേ അക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പറയുന്നു. 

ആ കടുവയാണോ സീസിയിൽ സുരേന്ദ്രന്റെ തൊഴുത്തിൽ എത്തിയതെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് ഒരേ സമയം ഒന്നിൽ കൂടുതൽ കടുവകൾ എത്തുമ്പോൾ നേരിടുന്ന പ്രശ്നങ്ങളാണിവയെന്നാണ് വിലയിരുത്തൽ. ‌ 

ചില സംഘടനകൾ നിയമം കയ്യിലെടുക്കുന്നു;ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് 
കടുവ പ്രശ്നത്തിൽ ചില സംഘടനകൾ നിയമം കയ്യിലെടുക്കുകയാണെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് ജനറൽ സെക്രട്ടറി ബി.എസ് ഭദ്രകുമാർ, ജി.ജെ. ഷൈജു എന്നിവർ കുറ്റപ്പെടുത്തി.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ഉണ്ടെന്ന് പറഞ്ഞ് കടുവയിറങ്ങിയ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് യോഗം ആരോപിച്ചു. അനുമതിയില്ലാതെ വന്യജീവികളുടെ ചിത്രം പകർത്തുന്നത് നിയമ വിരുദ്ധമാണെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയിട്ടുണ്ട്. 

രണ്ടു രാത്രികളിൽ കടുവ എത്തിയില്ല 
സീസിയിൽ പശുക്കിടാവിനെ കൊന്ന കടുവ രണ്ടു രാത്രികളിൽ വളർത്തു മൃഗങ്ങളെ തേടി എത്തിയില്ല. സീസിയിലെ കൃഷിയടത്തിൽ സ്ഥാപിച്ച കൂട്ടിൽ കയറുകയോ ക്യാമറകളിൽ പതിയുകയോ ചെയ്തിട്ടില്ല. ഒരു പക്ഷേ പശുക്കിടാവിനെ മുഴുവനായി ഭക്ഷിച്ചതിനാൽ പുറമേയ്ക്ക് വരാതെ വിശ്രമിക്കുകയാകാമെന്നും കണക്കു കൂട്ടുന്നു.

വാകേരി കല്ലൂർ കുന്നിന്റെ പല ഭാഗങ്ങളിൽ 3 ദിവസം മുൻപ് കടുവയെ കണ്ടിരുന്നെങ്കിലും പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ സാന്നിധ്യമുണ്ടായില്ല.  എന്നാലും ഏതു സമയത്തും കടുവ ഇര തേടിയേത്തിയേക്കാമെന്നുതന്നെയാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com