ADVERTISEMENT

മെഡിസിൻ പ്രവേശനപരീക്ഷ ‘നീറ്റ്’ വിവാദത്തിൽപെട്ടതോടെ പരീക്ഷ ഇപ്പോഴത്തെ രീതിയിൽ ഓഫ്‌ലൈനായി തുടരണോ ഓൺലൈനാക്കണോ എന്ന ഘട്ടം വരെയാണ് നമ്മുടെ ചർച്ചകളെത്തിനിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുൻനിര സ്ഥാപനമായ എയിംസിൽ വരെ പ്രവേശനത്തിനു ‘നീറ്റ്’ സ്കോറാണു മാനദണ്ഡം. യുകെയിലെ കേംബ്രിജ്, ഓക്സ്ഫഡ് തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകളിലാകട്ടെ, പ്രവേശനപരീക്ഷ അഡ്മിഷനു സഹായിക്കുന്ന ഒരു ഘടകം മാത്രം. മെഡിസിൻ പഠനത്തിനുള്ള വിദ്യാർഥിക്കുള്ള അഭിരുചി, അതിനുവേണ്ടിയുള്ള തയാറെടുപ്പ് ഉൾപ്പെടെയുള്ളവ ഇതിനുപുറമേ വിലയിരുത്തപ്പെടും. പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയതുകൊണ്ടുമാത്രം അഡ്മിഷൻ കിട്ടില്ലെന്നു ചുരുക്കം. ശ്രദ്ധേയവും കൗതുകകരവുമായ ഒട്ടേറെ കാര്യങ്ങളുണ്ട് യുകെയിലെ മെഡിക്കൽ പ്രവേശനരീതിയിലും തുടർന്നുള്ള പഠനരീതിയിലും.

അഡ്മിഷന് പലഘട്ടം
∙ പഴ്സനൽ സ്റ്റേറ്റ്മെന്റ്: കേംബ്രിജ്, ഓക്സ്ഫഡ് അഡ്മിഷനു ശ്രമിക്കുന്നവർ ‘ഡോക്ടറാകാൻ താൽപര്യപ്പെടുന്നതെന്ത്’ എന്ന ലഘുവിവരണം (പഴ്സനൽ സ്റ്റേറ്റ്മെന്റ്) ആദ്യമേ നൽകണം. മെഡിസിൻ പഠനത്തോടുള്ള നമ്മുടെ താൽപര്യത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങൾ ഈ കുറിപ്പിൽ വ്യക്തമാക്കണം. സ്കൂൾ കാലഘട്ടത്തിൽ വായിച്ച മെഡിക്കൽ ജേണലുകൾ, പങ്കെടുത്ത ആരോഗ്യ ലക്ചറുകളും സമ്മേളനങ്ങളും, ആശുപത്രിയിൽ നടത്തിയ സന്നദ്ധസേവനം വരെ പരാമർശിക്കാം.

∙ പ്രവേശനപരീക്ഷ: മെഡിസിൻ പഠനത്തിനുള്ള യുകെയിലെ പൊതുപ്രവേശനപരീക്ഷ ‘യുകെക്യാറ്റ്’ ആണെങ്കിലും കേംബ്രിജ്, ഓക്സ്ഫഡ്, യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ (യുസിഎൽ) തുടങ്ങിയവ അടിസ്ഥാനമാക്കുന്നത് ബയോമെഡിക്കൽ അഡ്മിഷൻ ടെസ്റ്റ് (ബിമാറ്റ്) എന്ന മറ്റൊരു പ്രവേശനപരീക്ഷയെയാണ്.

∙ ഇന്റർവ്യൂ: ചില കോളജുകളിൽ മൾട്ടിപ്പിൾ മിനി ഇന്റർവ്യൂ (എംഎംഐ) എന്ന പല ഘട്ടങ്ങളുള്ള രീതി പരീക്ഷിക്കുമ്പോൾ കേംബ്രിജിൽ പ്രഫസർമാരുമായി 20 മിനിറ്റ് വീതം നീളുന്ന 3 പാനൽ അഭിമുഖങ്ങളാണ്. ശാസ്ത്ര അഭിരുചിയും കാര്യഗ്രഹണശേഷിയുമാണ് ഇവിടെ പ്രധാനം. നല്ല ഡോക്ടർക്കുവേണ്ട ഗുണങ്ങൾ മുതൽ പ്രഫഷനൽ ധാർമികത വരെ ചോദ്യങ്ങളായെത്തും.

ബിമാറ്റ് സ്കോർ, പഴ്സനൽ സ്റ്റേറ്റ്മെന്റ്, ഇന്റർവ്യൂവിലെ മാർക്ക്, ജിസിഎസ്ഇ ഗ്രേഡ് (ഇന്ത്യയിലെ പത്താം ക്ലാസ് മാർക്ക്), എ ലെവൽ (നമ്മുടെ പ്ലസ്ടു) എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് അഡ്മിഷൻ. ഇന്റർവ്യൂവിൽ പരാജയപ്പെട്ടാലും എ ലെവലിൽ ഉയർന്ന മാർക്ക് ലഭിച്ചാൽ അഡ്മിഷനു വീണ്ടും അപേക്ഷിക്കാം. നേരത്തേ ഓഫർ കൊടുത്ത വിദ്യാർഥികൾക്കു മതിയായ മാർക്ക് നേടാനാവാതെ വന്നാലുണ്ടാകുന്ന സീറ്റൊഴിവിലേക്ക് ഇവരെ പരിഗണിക്കും. ഒരു വിദ്യാർഥിക്ക് 5 സർവകലാശാലകളിൽ വരെ അപേക്ഷിക്കാം. എന്നാൽ ഓക്സ്ഫഡിലും കേംബ്രിജിലും ഒരേസമയം അപേക്ഷിക്കാൻ പറ്റില്ല.

ക്ലാസ് നിർബന്ധമല്ല; യാത്ര സൈക്കിളിൽ
ക്യാം നദിക്ക് ഇരുവശത്തുമായി 31 കോളജുകളാണ് കേംബ്രിജ് സർവകലാശാലയിലുള്ളത്. നാട്ടിലെപ്പോലെ ക്ലാസ് നടക്കുന്ന പഠനകേന്ദ്രങ്ങളല്ല ഈ കോളജുകൾ. വിദ്യാർഥികൾ താമസിക്കുകയും ഭക്ഷണം കഴിക്കുകയും സാമൂഹികമായി ഇടപഴകുകയും ചെയ്യുന്ന ഹോസ്റ്റലാണത്. 

നോട്ടുകൾ ഇമെയിലിൽ വിദ്യാർഥികൾക്കു ലഭ്യമാക്കും. എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ മാത്രം ക്ലാസിൽ കയറിയാൽ മതി. എന്നാൽ പ്രാക്ടിക്കൽ നിർബന്ധം. 80% അറ്റൻഡൻസ് ഇല്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. ക്ലാസുകളുടെ സമയം നേരത്തേ അറിയിക്കും. ചിലപ്പോൾ വൈകിട്ടാവും. ബാക്കി സമയം ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം. ലക്ചർ നോട്സിനു പുറമേ, വിദ്യാർഥികളുടെ പഠനം കൂടുതലും പുറത്തുള്ള ലൈബ്രറിയുടെ സഹായത്തോടെയാണ്. വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധരായ ട്യൂട്ടർമാരുടെ മേൽനോട്ടമാണു കേംബ്രിജ് പഠനത്തിൽ ഏറ്റവും ശ്രദ്ധേയം. സൈക്കിളാണു ക്യാംപസിന്റെ വാഹനം എന്നുപറയാം. പ്രഫസർമാരുൾപ്പെടെ കൂടുതൽ പേരും സൈക്കിളിലാണു യാത്ര.

മൂന്നാം വർഷം ഇഷ്ടവിഷയം
ഓക്സ്ഫഡിലും കേംബ്രിജിലും 6 വർഷമാണു മെഡിസിൻ കോഴ്സിന്റെ കാലാവധി. ആദ്യ 3 വർഷം പ്രീ ക്ലിനിക്കൽ സ്കൂളാണ്. ഇതിൽ മൂന്നാംവർഷം ഇഷ്ടമുള്ള മറ്റൊരു വിഷയം തിരഞ്ഞെടുക്കാം. എൻജിനീയറിങ്, തത്വശാസ്ത്രം മുതൽ സംഗീതം വരെ എന്തുമാകാം. മൂന്നു വർഷത്തെ പഠനം പൂർത്തിയാകുമ്പോൾ ബിഎ ഓണേഴ്സ് ഡിഗ്രി ലഭിക്കും.

രോഗികളെ കാണുന്നതും ആശുപത്രിയിലെ പഠനവുമൊക്കെ അടുത്ത 3 വർഷങ്ങളിലാണ്. ഇതിൽ അഞ്ചാം വർഷം കഴിയുമ്പോൾ 7 ആഴ്ചത്തെ ഇലക്ടീവ് ചെയ്യണം. യുകെയിലോ വിദേശത്തോ ഉള്ള ആശുപത്രികളിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിക്കുന്നതാണ് ഇലക്ടീവ്. ഇതൊരു യാത്രാവസരമായിക്കൂടി എടുക്കാറുള്ളതിനാൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ ആശുപത്രികളും വിദ്യാർഥികൾ തിരഞ്ഞെടുക്കാറുണ്ട്.

English Summary:

India's NEET vs. UK's BMAT: A Comparative Look at Medical Entrance Exams and Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com