ഉമ്മകൾ കൊണ്ടു തിരുത്തിയ തെറ്റ്, കുഞ്ഞിപ്പെണ്ണിന് ടീച്ചറമ്മ നൽകിയ നേരിന്റെ പാഠം; മനസ്സു നിറയ്ക്കും ഈ അനുഭവം
Mail This Article
ചെറിയ കുഞ്ഞുങ്ങൾ തെറ്റു ചെയ്യുമ്പോൾ രണ്ടു രീതിയിലാണ് മുതിർന്നവർ അവരോട് പെരുമാറുന്നത്. ചിലർ സ്നേഹം കൊണ്ട് തിരുത്താൻ ശ്രമിക്കും മറ്റു ചിലർ പേടിപ്പിച്ച് തിരുത്താനാണ് മുതിരുക. ഇതിൽ ആദ്യത്തെ വഴി പരീക്ഷിച്ച് വിജയിച്ച ഒരു അധ്യാപിക ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ ആ അനുഭവകഥ പങ്കുവയ്ക്കുകയാണ്. സ്നേഹത്തോടെുള്ള രണ്ട് ചുംബനങ്ങളും കൈ നിറയെ മധുരവും നൽകി ഒരു കൊച്ചു പെൺകുട്ടിയെ നേർവഴി നടത്തിയ അനുഭവം പാലക്കാട് ജില്ലയിലെ അധ്യാപികയായ പ്രിയ ഷാജി മേനോൻ പങ്കുവയ്ക്കുന്നതിങ്ങനെ :-
‘‘പാലക്കാട് ജില്ലയിലെ പട്ടാമ്പി സബ്ജില്ലയിലുൾപ്പെട്ട എഎൽപിസ്കൂൾ തെക്കുമ്മലയിലെ അധ്യാപികയാണ് ഞാൻ. നാലാം ക്ലാസിലെ അധ്യാപനകാലയളവിലെ ഒരു അനുഭവമാണ് പങ്കു വെക്കാൻ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കത എത്ര മാത്രം ഉണ്ടെന്ന് തിരിച്ചറിഞ്ഞു മനസ്സ് നിറഞ്ഞു പോയ ഒരനുഭവമാണിത്.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ എല്ലാവർക്കും മിഠായി നൽകുക എന്നത് കുട്ടികളുടെ സന്തോഷങ്ങളിൽ ഉൾപ്പെട്ട കാര്യമാണല്ലോ. അത്തരത്തിൽ ഒരു ദിവസം എനിക്കും കിട്ടി രണ്ടു മിഠായി. പൊതുവെ മിഠായി ഇഷ്ടമില്ലാത്തത് കൊണ്ട് അതങ്ങനെ മേശമേൽ വെക്കും. പിന്നെ അത് കുട്ടികൾക്ക് തന്നെയോ അല്ലെങ്കിൽ അധ്യാപക സുഹൃത്തുക്കളിൽ തന്നെ ആർക്കെങ്കിലുമോ നൽകും അതാണ് പതിവ്. അന്നും സാധാരണ പോലെ അതവിടെ വെച്ചെങ്കിലും ഉച്ചക്ക് ശേഷം വന്നപ്പോൾ അവിടെ കാണാനില്ല. കുട്ടികളോട് ചോദിച്ചപ്പോൾ അവരാരും എടുത്തില്ല എന്ന് ആണയിട്ട് പറഞ്ഞു. എന്നാൽപ്പിന്നെ സത്യം ഒന്നറിയാമല്ലോ എന്ന് കരുതി ഞാൻ പറഞ്ഞു ആരെടുത്തതായാലും സത്യം പറയുന്നവർക്ക് പിറ്റേന്ന് വരുമ്പോൾ വേറെ വലിയ മിഠായി കൊണ്ടു വന്നു കൊടുക്കും എന്ന്.
കുറച്ചു സമയം കൊടുത്തപ്പോൾ ഒരു പെൺകുട്ടി എന്റടുത്തു വന്നു പറഞ്ഞു. ‘‘ഞാനാ എടുത്തത്. ഒന്ന് ഞാൻ തിന്നു ഒന്ന് കൂട്ടുകാരിക്ക് കൊടുത്തു, അത് അവളും കഴിച്ചു, അറിയാതെ ചെയ്തതാണ് ഇനി ചെയ്യില്ല’’ എന്ന്. കൂട്ടുകാരിയോട് ചോദിച്ചപ്പോൾ അവളും സമ്മതിച്ചു. എനിക്ക് വളരെ സന്തോഷമായി. പിറ്റേന്ന് വലിയ മിഠായി കൊടുക്കും എന്ന് ഉറപ്പ് നൽകിയതിനൊപ്പം അവളെ ചേർത്തു നിർത്തി ഇരുകവിളുകളിലും ഞാൻ ഉമ്മ നൽകി. അറിയാതെ തെറ്റ് പറ്റിയാലും അത് തുറന്നു പറയാനും സത്യം പറയാനും ശീലിക്കണം എന്ന് മറ്റു കുട്ടികളോട് പറയുകയും ചെയ്തു.
ഇനിയാണ് തമാശ. വൈകുന്നേരം കുട്ടികളെ വിളിക്കാനായി പല രക്ഷിതാക്കളും സ്കൂളിൽ എത്തിയപ്പോൾ ഇവൾ ഓരോരുത്തരും വരുമ്പോൾ അവരോട് പോയി പറയും. ‘‘ഞാനിന്ന് ടീച്ചറിന്റെ മുട്ടായി കട്ടെടുത്തു. പക്ഷേ സത്യം പറഞ്ഞോണ്ട് ടീച്ചർ എനിക്ക് രണ്ടു കവിളിലും ഉമ്മ തന്നു. ഇനി ഞാൻ ഇങ്ങനെ ചെയ്യൂല്ല എന്ന് ടീച്ചർക്ക് പ്രോമിസ് കൊടുത്തു’’ എന്നൊക്കെ. ചെറിയ ഒരു കള്ളത്തരം സംഭവിച്ചപ്പോൾ അത് മൂടി വെക്കാതെ അതിന് കിട്ടിയ സ്നേഹ ചുംബനങ്ങളുടെ മധുരം എല്ലാവരുമായും നിഷ്കളങ്കമായി പങ്കു വെച്ച അവളുടെ മുഖം എപ്പോൾ കാണുമ്പോഴും എനിക്ക് മനസ്സ് നിറയും. കുഞ്ഞു മക്കളുടെ മനസ്സ് അത്രയേ ഉളളൂ. നമുക്ക് എങ്ങനെയും നയിക്കാൻ പറ്റും അതിനെ. പകർന്നു നൽകേണ്ട നന്മയുടെപാഠങ്ങൾ യഥാസമയം പകർന്നു നൽകിയാൽ വരും തലമുറ മികവുറ്റവരായിത്തീരുക തന്നെ ചെയ്യും’’.