ADVERTISEMENT

നിസാരമെന്നു തോന്നുന്ന ചില പിഴവുകളായിരിക്കും പലരുടെയും കരിയറിൽ വലിയൊരു ബ്ലാക്ക്മാർക്ക് വരുത്തുക. അതുകൊണ്ടു തന്നെ ജോലിയിലായാലും ജീവിതത്തിലായാലും നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് അത്യാവശ്യമാണ്. പിഴവുകളില്ലാതെയും കൃത്യമായും ജോലി ചെയ്യുക എന്നതാണ് ജീവനക്കാരിൽ നിക്ഷിപ്തമായ കർത്തവ്യം. എന്നാൽ, എല്ലാവർക്കും എപ്പോഴും ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാകില്ല. ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും സൂക്ഷ്മമായ കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവാണ് പലർക്കും വിനയാകുന്നത്. നന്നായി ജോലി ചെയ്യാൻ ആഗ്രഹിക്കുകയും സമയവും അധ്വാനവും ചെലവഴിക്കുകയും ചെയ്യുമെങ്കിലും ചെറിയ പിഴവുകൾ മൂലം അംഗീകാരവും സ്ഥാനക്കയറ്റവും കിട്ടാക്കനിയാകാറുണ്ട്. ജോലി ചെയ്തിട്ടും അംഗീകാരം ലഭിക്കുന്നില്ലെന്ന ചിന്ത വേട്ടയാടും. ക്രമേണ, ഇതു വിഷാദത്തിനും നിരാശയ്ക്കും കാരണമാകുകയും പ്രകടന മികവിനെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ സൂക്ഷ്മമായ കാര്യങ്ങൾ പോലും എങ്ങനെ പരിഗണിക്കണമെന്നും ശ്രദ്ധിക്കുന്ന സ്വഭാവം വളർത്തിയെടുക്കാൻ എന്തു ചെയ്യണമെന്നും അറിഞ്ഞിരിക്കണം. 

ജോലി അല്ലെങ്കിൽ പ്രോജക്ട് ചെറുതോ വലുതോ ആയാലും എല്ലാ വശങ്ങളും ശ്രദ്ധിക്കാൻ കഴിയണം. എല്ലാ നിർദേശങ്ങളും പാലിച്ച്, മാനദണ്ഡങ്ങൾ പുലർത്തി കൃത്യമായി ജോലി ചെയ്യുന്നവരുണ്ട്. എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കാറുമുണ്ട്. പല കാലങ്ങളിലായി കിട്ടുന്ന വിവരങ്ങൾ മറന്നുപോകാതിരിക്കാൻ രേഖപ്പെടുത്തി സൂക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ, ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധയാണ് ജീവനക്കാർക്കു കരുത്താകുന്നതും ഉയർന്ന പദവികളിലേക്കു നയിക്കുന്നതും. പ്രകടന മികവിനും ഇതു പ്രധാന കാരണമാണ്. ജോലിയിലുള്ള സമർപ്പണമാണ് സൂക്ഷ്മമായ കാര്യങ്ങളിൽപ്പോലും ശ്രദ്ധിക്കാൻ ജീവനക്കാരെ സഹായിക്കുന്നത്. ചിലർ വർക് സ്റ്റേഷൻ അഥവാ ജോലി ചെയ്യുന്ന ഇരിപ്പിടം ഉൾപ്പെടെ വൃത്തിയായി സൂക്ഷിക്കാറുണ്ട്. പേന, പേപ്പർ, മറ്റു സാധനങ്ങൾ എന്നിവ യഥാസ്ഥാനങ്ങളിൽ തന്നെ സൂക്ഷിക്കും. വിവരങ്ങൾ രേഖപ്പെടുത്തിയ ഡിജിറ്റൽ ഡയറി, കലണ്ടർ എന്നിവയും സൂക്ഷിക്കാറുണ്ട്. പ്രധാനപ്പെട്ട വിവരങ്ങൾ മറന്നുപോകാതിരിക്കാൻ ഇതു സഹായിക്കുന്നു. 

സൂക്ഷ്മമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് പ്രകടനം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ:

∙ അടുക്കും ചിട്ടയും അത്യാവശ്യം
ജോലി സ്ഥലം കൃത്യമായി ഓർഗനൈസ് ചെയ്യുന്നതിലൂടെ പ്രകടന മികവ് മെച്ചപ്പെടുത്താൻ കഴിയും. ആവശ്യമുള്ളതോ അല്ലാത്തതോ ആയ പേപ്പറുകൾ വലിച്ചെറിയുന്ന് നല്ല സ്വഭാവമല്ല. ഓരോന്നിനും, അവ എത്ര ചെറുതോ വലുതോ ആയാലും അർഹമായ സ്ഥാനം കൊടുക്കുന്നതാണ് ഓർഗനൈസ്ഡ് സ്വഭാവത്തിന്റെ പ്രത്യേകത. ഓരോ ദിവസവും അന്നന്നത്തെ കലണ്ടർ പരിശോധിച്ച് ചെയ്യാനുള്ള ജോലികൾ കണ്ടെത്തുക. ജോലി തീരുമ്പോൾ, എന്തൊക്കെ ജോലി ചെയ്തെന്നും എന്തെങ്കിലും ബാക്കിയുണ്ടോ എന്നും പരിശോധിക്കണം. ഇതിലൂടെ, ഒരു പരിധി വരെയുള്ള മറവി, അശ്രദ്ധ പ്രശ്നങ്ങൾ ഒഴിവാക്കാം. 

∙മുൻഗണനാ ക്രമത്തിൽ‌ ജോലികൾ പൂർത്തിയാക്കാം 
ചില ജീവനക്കാർ എല്ലാ ജോലിയും കൃത്യമായി ചെയ്യുന്നതു കണ്ട് അദ്ഭുതപ്പെടാറുണ്ട്. എന്നാൽ ഈ അദ്ഭുതത്തിന് വലിയ പ്രാധാന്യമില്ലെന്നതാണ് യാഥാർഥ്യം. കൃത്യമായ മുൻഗണനാ ലിസ്റ്റാണ് പ്രകടനം മെച്ചപ്പെടുത്താനും കാര്യമക്ഷമമായി ജോലി ചെയ്യാനും സഹായിക്കുന്നത്. മുൻഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒന്നൊന്നായി ജോലി ചെയ്യുന്നവർക്ക് മറവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എന്നാൽ, എത്ര ഓർമശക്തിയുള്ള വ്യക്തിയാണെങ്കിലും മുൻഗണനാ പട്ടിക തയാറാക്കാത്തവർ പ്രധാന കടമകൾ പോലും മറന്നുപോകാറുണ്ട്. ഇതു ജോലിയിലെ മികവിനെയും പ്രതികൂലമായി ബാധിക്കും. 

∙ ദിനചര്യകളിൽ കൃത്യത പുലർത്താം
കൃത്യമായ ദിനചര്യ പാലിക്കുന്നത് ഓരോ ദിവസത്തെയും പ്രധാന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കും. പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽ വരാതിരിക്കുന്നത് ജോലിസ്ഥലത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിനു മികച്ച പരിഹാരമാണ് ദിനചര്യ. പ്രധാന കാര്യങ്ങൾ വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിലും മികച്ച മാർഗമില്ല. എല്ലാക്കാര്യങ്ങളും അതാതു ദിവസം പൂർത്തിയാക്കാൻ കഴിയാത്ത പ്രശ്നമുണ്ടെങ്കിൽ മേലധികാരിയോട് കൂടിയാലോചിച്ച് ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ മുൻഗണന തീരുമാനിക്കുക. ഇത് പ്രധാന കാര്യങ്ങൾ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിനൊപ്പം സമാധാനത്തോടെ ഓരോ ദിവസവും പിന്നിടാനും സഹായിക്കും. 

∙ തലച്ചോറിനെ സജീവമാക്കുന്ന വിനേദങ്ങൾ ശീലിക്കാം
മസ്തിഷ്കത്തെ സജീവമായി നിലനിർത്തുന്നത് ദിവസം മുഴുവൻ പ്രവർത്തന നിരതനാകാൻ സഹായിക്കും. മെമ്മറി കാർഡ്, പദഃപ്രശ്നം ഉൾപ്പെടെയുള്ള കളികളിൽ ഏർപ്പെടുന്നതും നല്ലതാണ്. ഓർമകളെ സജീവമാക്കാനും പുതിയ കാര്യങ്ങൾ ഉൾപ്പെടെ മനസ്സിൽ സൂക്ഷിക്കാനും ഇതു സഹായിക്കും. മസ്തിഷ്ക ശേഷി വർധിപ്പിക്കാനുള്ള കളികളിൽ സഹപ്രവർത്തകർക്കൊപ്പം പങ്കെടുക്കുന്നതും ഓർമ നിലനിർത്താൻ സഹായിക്കും. 

∙ജാഗ്രത പുലർത്താം
ശ്രദ്ധക്കുറവ് ഒട്ടേറെക്കാരണങ്ങൾ കൊണ്ട് സംഭവിക്കാം. വ്യക്തിപരമായ പ്രശ്നങ്ങൾ മുതൽ ശാരീരിക ബലഹീനതകൾ കൊണ്ടു വരെ ഇതു സംഭവിക്കാറുണ്ട്. എന്നാൽ ഇതു മറികടക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. ഒരു പ്രത്യേക കഴിവ് പഠിച്ചെടുത്ത ഉടൻ എഴുതിവച്ചാൽ മറന്നുപോകുന്നത് ഒഴിവാക്കാം. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ഡിജിറ്റലായോ അല്ലാതെയോ രേഖപ്പെടുത്തിയ കലണ്ടർ സൂക്ഷിക്കുന്നതും ഓർമക്കുറവിന് പരിഹാരമാണ്. തിരക്കുള്ള ജോലി സ്ഥലത്ത് ഒരേ സമയം ഒന്നിലേറെ ജോലികൾ പൂർത്തിയാക്കേണ്ടി വരും. സമയം, സ്ഥലം എന്നിങ്ങനെ ഒട്ടേറെക്കാര്യങ്ങളിൽ ജാഗ്രത പുലർത്തിയാൽ മാത്രമേ എല്ലാക്കാര്യങ്ങളും പരാതിയില്ലാതെയും കൃത്യമായും ചെയ്തുതീർക്കാൻ കഴിയൂ. 

∙ടൈംമാനേജ്മെന്റ് ശീലിക്കാം
ജോലികൾ പൂർത്തിയാക്കാൻ തടസ്സമായി പലരും ചൂണ്ടിക്കാണിക്കുന്ന പ്രശ്നം സമയക്കുറവാണ്. ആവശ്യത്തിനു സമയം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, സമയം കൃത്യമായി ഉപയോഗിക്കുന്നവർ ഈ പരാതി ഉന്നിക്കാറില്ല. ഓരോ ജോലിക്കും അർഹമായ സമയം നീക്കിവച്ചാൽ സമയക്കുറവ് വെല്ലുവിളിയാകില്ല. നന്നായി ജോലി ചെയ്യുന്നവർക്കും അങ്ങനെ അല്ലാത്തവർക്കും ഒരേ സമയം തന്നെയാണ് ദിവസവും ലഭിക്കുന്നതെന്നോർക്കുക. കാര്യക്ഷമമായി ജോലി ചെയ്യാൻ സമയക്കുറവ് തടസ്സമല്ലെന്നും മനസ്സിലാക്കണം. 

∙ പ്രശ്ന പരിഹാര ശേഷി വളർത്താം
ഓരോ സംഭവത്തെയും കൃത്യമായും വ്യക്തമായും പരിശോധിച്ചു മാത്രം പരിഹാരം കണ്ടെത്തുക എന്നതാണ് ഉചിതമായ രീതി. ഇതിന് അനലറ്റിക്കൽ സ്കിൽ വേണം. അന്വേഷിക്കാനും മനസ്സിലാക്കാനും വിലയിരുത്താനുമുള്ള ശേഷിയുണ്ടെങ്കിൽ ശ്രദ്ധക്കുറവിന് പരിഹാരം കണ്ടെത്താം. 

∙ചുറ്റുപാടിനെ ശ്രദ്ധയോടെ നിരീക്ഷിക്കാം
നിരീക്ഷണ ശേഷിയാണ് മറ്റൊന്ന്. നന്നായി നിരീക്ഷിക്കുന്ന വ്യക്തിക്ക് ആയാസമില്ലാതെ പരിഹാരങ്ങൾ കണ്ടെത്താം. നിരന്തരം സംസാരിക്കുന്നവർക്ക് മറ്റുള്ളവർ പറയുന്നതു കേൾക്കാനോ ശ്രദ്ധിക്കാനോ സമയം കിട്ടിയെന്നുവരില്ല. മറ്റുള്ളവർക്കു കാതു കൊടുക്കുന്നതിലൂടെ അതുവരെ ചിന്തിച്ചിട്ടില്ലാത്ത വഴികളെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കും. പരിഹരിക്കാൻ ബുദ്ധിമുട്ടിയ പ്രശ്നങ്ങൾക്കു വളരെ വേഗം പരിഹാരം കണ്ടെത്താനും കഴിയും. 

∙അശ്രദ്ധയോട് പറയാം കടക്കു പുറത്ത്
ജോലിസ്ഥലത്ത് അശ്രദ്ധയ്ക്കിടയാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണം. ശാന്തമായ, സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്. ഭിത്തിയിലെ നിറങ്ങൾ പോലും അലോസരമുണ്ടാക്കാത്തതായിരിക്കണം. വൃത്തിയുള്ള സ്ഥലത്തിരുന്നാണ് ജോലി ചെയ്യേണ്ടത്. ഇതിന് ആവശ്യത്തിന് ജീവനക്കാരുണ്ടെന്നും അവർ ജോലി മികച്ച രീതിയിൽ ചെയ്യുന്നുണ്ടെന്നും സ്ഥാപന അധികൃതർ ഉറപ്പുവരുത്തണം. എല്ലാ ജീവനക്കാർക്കും പ്രധാന വിവരങ്ങൾ രേഖപ്പെടുത്താൻ നോട്ബുക്കും പേനയും ലഭ്യമാക്കണം. 

∙ഒരുക്കാം സൗഹൃദമുള്ള അന്തരീക്ഷം
സഹപ്രവർത്തകർ തമ്മിലുള്ള സൗഹാർദ അന്തരീക്ഷവും മികച്ച പ്രകടനം നടത്താൻ അനിവാര്യമാണ്. എല്ലാവരും ഒരുമിച്ചു പങ്കെടുക്കുന്ന പരിപാടികൾ ഇടയ്ക്കിടെ നടത്തി സൗഹൃദവും സ്നേഹവും നിലനിർത്താം. മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യുന്നത് ഒഴിവാക്കി ബ്രേക്ക് എടുക്കുന്നതും ഫലപ്രദമായി ജോലി ചെയ്യാൻ സഹായിക്കും. 

English Summary:

Boost Your Career: Essential Tips for Attention to Detail and Time Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com