വിദേശത്തേക്ക് ബ്രെയിൻഡ്രെയിൻ പേടി വേണ്ട, ‘കംബാക്ക് സ്കീമി’ന് നല്ല പ്രതികരണം: ഡോ.എൻ.കലൈസെൽവി
Mail This Article
സ്വാതന്ത്ര്യത്തിനും അഞ്ചുവർഷം മുൻപ് 1942ൽ സ്ഥാപിതമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്ടർ ജനറൽ സ്ഥാനത്ത് ആദ്യമായി ഒരു വനിതയെത്തിയത് 2022ലാണ്; തമിഴ്നാട് അംബാസമുദ്രം സ്വദേശി ഡോ. എൻ.കലൈസെൽവി. നമ്മുടെ അക്കാദമിക-ഗവേഷണ മേഖലകൾ ഇന്നും സ്ത്രീകളെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന ചോദ്യത്തിന് ആധികാരികമായി ഉത്തരം നൽകാൻ കഴിയുന്നയാൾ. ലിഥിയം-അയോൺ ബാറ്ററി ഗവേഷണത്തിൽ മികവു തെളിയിച്ച ഡോ. കലൈസെൽവി ഇതിനകം 125 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു, ആറു പേറ്റന്റുകളുമുണ്ട്. ഗുവാഹത്തിയിലെ ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിനിടെ (ഐഐഎസ്എഫ്) ഡോ. കലൈസൈൽവിയുമായി ‘മനോരമ’ നടത്തിയ അഭിമുഖം:
Q ഇത്തവണ ഐഐഎസ്എഫിലെ ഒരു ഫോക്കസ് വിഷയം ‘ശാസ്ത്രമേഖലയിലെ സ്ത്രീകൾ’ എന്നതാണ്. സ്ത്രീകൾക്കു വെല്ലുവിളികളുള്ള മേഖലയാണോ ശാസ്ത്രം?
A എൻജിനീയറിങ് പഠനരംഗത്ത് പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികളായിരുന്ന കാലമുണ്ട്. ഇപ്പോൾ ആ സ്ഥിതി മാറി. വിജയശതമാനത്തിൽ പെൺകുട്ടികൾ മുന്നേറുന്നു. ശാസ്ത്രമേഖലയിലെ വെല്ലുവിളികൾ സ്ത്രീകൾക്കുമാത്രമായി ഒതുങ്ങുന്നതല്ല. സ്വന്തം മേഖലയിൽ സ്ഥിരതയോടെ മുന്നോട്ടുപോകുക എന്നതാണു പ്രധാനം. എന്നാൽ വിവാഹം, പ്രസവം പോലെയുള്ള കാരണങ്ങളാൽ സ്ത്രീകൾക്കു കരിയർ ബ്രേക്ക് വരുന്നുണ്ട്. ഇവർക്കു ഗവേഷണത്തിലേക്കു മടങ്ങിയെത്താൻ സഹായം നൽകുന്ന പദ്ധതികൾ ഡിപാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടപ്പാക്കുന്നുണ്ട്. ഗവേഷണവിദ്യാർഥിനികൾക്കു മാത്രമായി സിഎസ്ഐആർ ഈയിടെ ‘ആസ്പയർ’ എന്ന പദ്ധതിയും തുടങ്ങി. 3000 അപേക്ഷകളാണ് ഇക്കൊല്ലം മാത്രം ലഭിച്ചത്. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 300 പേർക്കു പ്രോജക്ടുകൾ യാഥാർഥ്യമാക്കാൻ സിഎസ്ഐആർ പ്രത്യേക ഫെലോഷിപ് നൽകുന്നു.
Q ഒട്ടേറെ വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി വിദേശത്തേക്കു പോകുന്നത്. ഇന്ത്യൻ ശാസ്ത്രരംഗത്ത് ഇതു ‘ബ്രെയിൻഡ്രെയിനി’നു കാരണമാകുമോ?
A ഒരിക്കലുമില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ കുട്ടികൾ മറ്റൊരു രാജ്യത്തേക്കു പോകുന്നത് ഇവിടെ അവസരങ്ങൾ കുറവായതിനാലല്ല. അത്രയേറെ മറ്റൊരു രാജ്യത്തേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവരൊഴികെ മറ്റുള്ളവരെല്ലാം തിരികെയെത്തും; പ്രത്യേകിച്ച് ശാസ്ത്ര വിദ്യാർഥികൾ. നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, രാമാനുജൻ ഫെലോഷിപ്, വൈഭവ് സ്കീം പോലെയുള്ള ‘കംബാക്ക് സ്കീമു’കളുണ്ട്. മറ്റു രാജ്യങ്ങളിൽ ഗവേഷകരായുള്ളവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ചേരാൻ ലാറ്ററൽ എൻട്രി സ്കീമുകളുമുണ്ട്. ഇവയ്ക്കെല്ലാം നല്ല പ്രതികരണമാണ്. യുഎസിലും യുകെയിലും ജോലി ചെയ്യുകയെന്നത് വലിയ സംഭവമല്ലാതായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Q ഇങ്ങനെയൊക്കെ പറയുമ്പോഴും ഗവേഷണ, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ കേന്ദ്ര സർക്കാർ ഫെലോഷിപ്പുകളുടെ എണ്ണം കുത്തനെ കുറയ്ക്കുകയാണ്. സിഎസ്ഐആർ ഫെലോഷിപ് പകുതിയിലധികം വെട്ടിക്കുറച്ചു?
A ഫെലോഷിപ്പുകളുടെ എണ്ണത്തെ അത്തരത്തിൽ വിലയിരുത്താനാവില്ല. നോക്കൂ, മുൻപു സിഎസ്ഐആർ മാത്രമാണ് ശാസ്ത്ര ഫെലോഷിപ്പുകൾ നൽകിയിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇപ്പോൾ ശാസ്ത്രത്തെ പല ചെറുമേഖലകളാക്കി തിരിച്ച് വിവിധ സ്ഥാപനങ്ങൾ വഴി ഫെലോഷിപ്പുകൾ നൽകുന്നു. സയൻസ് ആൻഡ് ടെക്നോളജി എന്ന ഒറ്റപ്പാതയിൽനിന്ന് ഒട്ടേറെ ചെറുപാതകളായി രാജ്യത്തെ ഗവേഷണരംഗം മാറിയപ്പോൾ ഫെലോഷിപ്പുകളിലും വികേന്ദ്രീകരണമുണ്ടായി.
Q ഗവേഷണം പൂർത്തിയാക്കുന്നവർക്കു തൊഴിലവസരങ്ങൾ വേണ്ടത്രയില്ലെന്നും പരാതിയുണ്ട്?
A അതൊരു ചിന്താരീതിയുടെ പ്രശ്നമാണ്. പിഎച്ച്ഡി കഴിഞ്ഞാലുടൻ ജോലി വേണമെന്നു ചിന്തിച്ചാൽ ചിലപ്പോൾ സാധിച്ചില്ലെന്നുവരാം. നൂതനാശയങ്ങൾ സംരംഭങ്ങളാക്കി മാറ്റി ജോലി നൽകാൻ കഴിയുന്നവരായി ഗവേഷണ വിദ്യാർഥികൾ മാറണം. വ്യവസായ മേഖലയുമായി നേരിട്ടു ബന്ധപ്പെട്ടുള്ള ഗവേഷണത്തിന്റെ പ്രോൽസാഹനത്തിന് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി (ഐപിഎച്ച്ഡി) എന്ന പുതിയ മേഖല നമ്മൾ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായ മേഖല സ്പോൺസർ ചെയ്യുന്ന പിഎച്ച്ഡി പ്രോഗ്രാമുകളും നടപ്പാക്കുന്നുണ്ട്.