വെറും കളംവരയല്ല പ്രതിവാര റിപ്പോർട്ട്; 8 പോയിന്റുണ്ടെങ്കിൽ ഏത് ബോസും ഫ്ലാറ്റ്, പ്രമോഷൻ ഉറപ്പ്

Mail This Article
ജോലിയില്‍ ഒരാഴ്ച കൈവരിച്ച നേട്ടം വിവരിച്ചുള്ള പ്രതിവാര റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരെല്ലാം നിര്‍ബന്ധമായും നല്‍കണമെന്ന എലോണ്‍ മസ്കിന്റെ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് കൃത്യമായി അയയ്ക്കാത്തവരെ ജോലിയില്‍നിന്നു തന്നെ നീക്കം ചെയ്യാനാണ് മസ്ക് മേധാവിയായുള്ള യുഎസ് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ തീരുമാനം. വിവാദ നിര്‍ദേശം അമേരിക്കയില്‍ നടപ്പായാലും ഇല്ലെങ്കിലും പ്രതിവാര റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രഫഷനല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെല്ലാം അറിയേണ്ടത് നിര്‍ബന്ധമാണ്. പല സ്ഥാപനങ്ങളിലും പ്രതിവാരം മാത്രമല്ല പ്രതിദിന, പ്രതിമാസ, പ്രതിവര്‍ഷ റിപ്പോര്‍ട്ടുകളെല്ലാം ജീവനക്കാരുടെ കാര്യക്ഷമതയെ നിര്‍ണയിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ടു താനും.
എന്താണ് പ്രതിവാര റിപ്പോര്‍ട്ട് ?
പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നുണ്ടെന്നും ജീവനക്കാര്‍ കൃത്യമായി ജോലികള്‍ ചെയ്യുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സഹായിക്കും. ഒരാഴ്ചയില്‍ വ്യക്തിയും അയാളുടെ ടീമും കൈവരിച്ച നേട്ടങ്ങളും പൂര്‍ത്തിയാക്കിയ പ്രോജക്ടുകളുമെല്ലാം പ്രതിവാര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താം. അടുത്ത വാരം ചെയ്യാന്‍ പോകുന്ന ജോലികളെ സംബന്ധിച്ച ഒരു സംക്ഷിപ്ത രൂപവും ഇതില്‍ അവതരിപ്പിക്കാം. ഒരു പേജില്‍ കവിയാത്ത ലളിതമായ രൂപത്തിലുള്ള റിപ്പോര്‍ട്ടാണ് അഭികാമ്യം. റിപ്പോര്‍ട്ടിലൂടെ വെറുതേ കണ്ണോടിച്ചാല്‍ നിങ്ങളുടെ ജോലിയെ സംബന്ധിച്ച വ്യക്തമായ ചിത്രം മേലധികാരിക്ക് ഉണ്ടാക്കാന്‍ കഴിയണം. പ്രതിവാര റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഘടകങ്ങള്‍ ഇനി പറയുന്നു.
1. തലക്കെട്ട്
പ്രോജക്ടിന്റെ പേര് ഉള്‍പ്പെടുത്തി വേണം തലക്കെട്ട് തയാറാക്കാന്‍. അതിനൊപ്പം പ്രതിവാര പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് എന്നും രേഖപ്പെടുത്താം.
2. തീയതി
തലക്കെട്ടിനു താഴെത്തന്നെ തീയതിയും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പുരോഗതി കാലക്രമത്തിന്റെ അടിസ്ഥാനത്തില്‍ ട്രാക്ക് ചെയ്യാന്‍ നിങ്ങളുടെ സൂപ്പര്‍വൈസര്‍ ജീവനക്കാരനെ ഇത് സഹായിക്കും.
3. നിങ്ങളുടെ പേരും ടീമിന്റെ പേരും റോളുകളും
നിങ്ങളുടെ പേര്, കമ്പനിയിലെ നിങ്ങളുടെ പദവി, നിങ്ങളുടെ ടീമംഗങ്ങളുടെ പേര്, പദവി എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇത് ടീമിലെ ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കും.
4. റിപ്പോര്‍ട്ട് സംഗ്രഹം
നിങ്ങളും ടീമംഗങ്ങളും കൂടി പൂര്‍ത്തീകരിച്ച പ്രോജക്ടുകളെപ്പറ്റിയുള്ള സംഗ്രഹവും ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള വിവരവും റിപ്പോര്‍ട്ടില്‍ ഇടം പിടിക്കണം. നിങ്ങളുടെ പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യങ്ങളും അതില്‍ നിങ്ങള്‍ താണ്ടിയ നേട്ടങ്ങളും ഉള്‍പ്പെടുത്താം.
5. ലക്ഷ്യ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍
ടീമും വ്യക്തിയും പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങളില്‍ ആ ആഴ്ചയിലെ ഓരോ നാളും കൈവരിച്ച നേട്ടങ്ങളും ശ്രമങ്ങളും അടയാളപ്പെടുത്താം.
6. നേട്ടങ്ങള്‍ പ്രധാനം
ജോലിയില്‍ കൈവരിച്ച നേട്ടങ്ങള്‍ പറയുമ്പോള്‍ അതിനെ കൃത്യമായി കണക്കുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
7. വെല്ലുവിളികള്‍, പരിഹാരങ്ങള്‍
ജോലിസംബന്ധമായി ആ ആഴ്ച നേരിട്ട വെല്ലുവിളികളും അതിന് നിങ്ങള്‍ കണ്ടെത്തിയ പരിഹാരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താം. ഇങ്ങനെ ചെയ്യുന്നതുവഴി ചിലപ്പോള്‍ മേലധികാരികളില്‍നിന്നും ക്രിയാത്മക നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കാം.
8. ചെയ്യാന്‍ പോകുന്ന ജോലികള്‍
ഏതൊരു സ്ഥാപനത്തെ സംബന്ധിച്ചും ആസൂത്രണം മുഖ്യമാണ്. ഓരോ ജീവനക്കാരനും ആ ആഴ്ച ചെയ്യാന്‍ പോകുന്ന ജോലികളെ സംബന്ധിച്ച രൂപരേഖ പ്രതിവാര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.