ബികോം, ബിഎ വിദ്യാർഥികൾക്കും പഠിക്കാം, കെമിസ്ട്രി; ഡിഗ്രിക്കൊപ്പം ‘മൂക്’

Mail This Article
നാലു വർഷ ഡിഗ്രി പ്രോഗ്രാമിൽ ഓൺലൈനായും കോഴ്സുകൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രാധാന്യമേറിയ മേഖലയാണ് മൂക് (MOOC: മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്). മൂക് പഠനത്തിനുള്ള ഏകജാലകമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘സ്വയം’ (swayam.gov.in).
4 വർഷ ഡിഗ്രിയും മൂക് കോഴ്സും
നാലു വർഷ ഡിഗ്രിയിൽ ഓരോ സെമസ്റ്ററിലും ഓരോ മൂക് കോഴ്സ് എന്നാണു തത്വം. 2 ഓപ്ഷനുകളുമുണ്ട്.
1) വിദ്യാർഥികൾക്ക് അതതു സെമസ്റ്ററുകളിൽ പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യാം.
2) നിലവിൽ പഠിക്കുന്നതിനപ്പുറമുള്ള നമ്മുടെ ഇഷ്ട വിഷയങ്ങളിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകളിലുമുള്ള കോഴ്സുകൾ ചെയ്യാം. ഐഐടി, ഐഐഎം, ഐഐ എസ്‌സി തുടങ്ങിയ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സർവകലാശാലകളും കോളജുകളും യുജിസി, എഐസിടിഇ തുടങ്ങിയ ഏജൻസികളും നൽകുന്ന കോഴ്സുകൾ ‘സ്വയം’ പ്ലാറ്റ്ഫോമിലുണ്ട്. ഓരോ സെമസ്റ്ററും ആരംഭിക്കുംമുൻപ് കോളജുകളിൽ ഇവ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഒരു മാസമാണ് എൻറോൾമെന്റ് പീരിയഡ്. ദൈർഘ്യം, ലഭ്യമാകുന്ന ക്രെഡിറ്റ്, പഠിപ്പിക്കുന്ന അധ്യാപകർ തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കി ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാം. ഒരു ക്രെഡിറ്റ് മുതൽ 5 ക്രെഡിറ്റ് വരെ ലഭിക്കുന്ന കോഴ്സുകൾ ‘സ്വയ’ത്തിലുണ്ട്.
മെച്ചങ്ങളേറെ
∙ നാലു വർഷ ഡിഗ്രിയിൽ ‘മൂക്’ വഴി ലഭിക്കുന്ന ക്രെഡിറ്റുകൾ വിദ്യാർഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എബിസി) ചേർക്കും.
∙ എല്ലാ സെമസ്റ്ററിലും ‘സ്വയ’ത്തിലൂടെ സൗജന്യമായി പഠിക്കാം. സർട്ടിഫിക്കറ്റ് ലഭിക്കാൻ തുച്ഛമായ ഫീസ് അടച്ച് പരീക്ഷ പാസാകണം.
∙ നാലു വർഷ ഡിഗ്രി പ്രോഗ്രാമിൽ വിഭാവനം ചെയ്യുന്ന മൾട്ടിഡിസിപ്ലിനറി പഠനത്തിനു ‘മൂക്’ സഹായകരമാണ്.
ഉദാ: ബിഎ മലയാളം വിദ്യാർഥിക്ക് ഇഷ്ടാനുസരണം പൊളിറ്റിക്കൽ സയൻസിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും കോഴ്സ് ചെയ്യാം. നിശ്ചിത ക്രെഡിറ്റ് നേടിയിട്ടുണ്ടെങ്കിൽ ഡിഗ്രി ഫൈനൽ സർട്ടിഫിക്കറ്റിൽ ഈ കോഴ്സുകളുടെ മാർക്കും രേഖപ്പെടുത്തും. മൂക് ക്രെഡിറ്റ് ഉൾപ്പെടെ ആകെ ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ ബിഎ മലയാളം മേജർ വിത്ത് പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്ന പേരിലാകും ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുക.
∙ സിവിൽ സർവീസസ്, എസ്എസ്‍സി, പിഎസ്‌സി, കെഎഎസ് പോലുള്ള പരീക്ഷകൾക്കുള്ള തയാറെടുപ്പിനും ഇത്തരം കോഴ്സുകളിലെ പഠനം സഹായകരമാണ്.
∙ സ്കിൽ ബേസ്ഡ് എന്നതാണു 4 വർഷ ഡിഗ്രിയുടെ മറ്റൊരു പ്രത്യേകത. നൈപുണ്യവികസനത്തിനും ജോലിസാധ്യതയ്ക്കും സഹായകരമായ മാർക്കറ്റിങ്, കോഡിങ്, കമ്യൂണിക്കേഷൻ, കണ്ടന്റ് റൈറ്റിങ്, ടാലി തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ മൂക് കോഴ്സുകളുണ്ട്.
പഠനം എങ്ങനെ?
റിക്കോർഡഡ് വിഡിയോ ക്ലാസുകളും ഓൺലൈൻ അസൈൻമെന്റുകളും ക്വിസും ഫൈനൽ പരീക്ഷയും അടങ്ങുന്നതാണ് മൂക് കോഴ്സുകൾ. നോട്സ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. സംശയനിവാരണത്തിന് ഓൺലൈൻ ഡിസ്കഷൻ ഫോറവുമുണ്ട്.
ബികോം, ബിഎ വിദ്യാർഥികൾക്കും പഠിക്കാം, കെമിസ്ട്രി
‘സ്വയം’ പ്ലാറ്റ്ഫോമിലേക്കുള്ള കോഴ്സുകളുടെ സിലബസ് തീരുമാനിക്കുക, വിഡിയോ റിക്കോർഡ് ചെയ്യുക, വിദ്യാർഥികൾക്കും അധ്യാപകർക്കും മൾട്ടിമീഡിയ ട്രെയിനിങ് നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യുജിസി സ്ഥാപിച്ചവയാണ് ഇഎംഎംആർസികൾ (എജ്യുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്റർ). രാജ്യത്തു വിവിധ സർവകലാശാലകളിലായി 21 ഇഎംഎംആർസികളുണ്ട്. കേരളത്തിലുള്ളത് കാലിക്കറ്റ് സർവകലാശാലയിലാണ്. അടുത്ത അധ്യയനവർഷം മുതൽ കാലിക്കറ്റ് സർവകലാശാല ഗ്രീൻ കെമിസ്ട്രി എന്ന മൂക് കോഴ്സ് നൽകാൻ ലക്ഷ്യമിടുന്നതായി ഇവിടത്തെ ഇഎംഎംആർസി ഡയറക്ടർ ദാമോദർ പ്രസാദ് പറയുന്നു. പേരിൽ കെമിസ്ട്രി ഉണ്ടെങ്കിലും ഈ കോഴ്സ് ബികോം, ബിഎ വിദ്യാർഥികൾക്കു വരെ ചെയ്യാം. കോർപറേറ്റ് മേഖലകളിൽ ജോലിസാധ്യതയുള്ള ഗ്രീൻ അക്കൗണ്ടിങ് വരെ ഈ കോഴ്സിന്റെ ഭാഗമാണ്.