ADVERTISEMENT

തിരുവനന്തപുരം∙ സർവീസിലുള്ള സ്കൂൾ അധ്യാപകർക്കു വേണ്ടി പ്രത്യേകമായി നടത്തിയ ‘കെ ടെറ്റ്’ യോഗ്യതാ പരീക്ഷയിൽ കൂട്ടത്തോൽവി. ഏകദേശം 2800 പേർ പരീക്ഷ എഴുതിയതിൽ 8.6% പേർ മാത്രമാണ് ജയിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2012 മുതലാണ് അധ്യാപക യോഗ്യത പരീക്ഷ നിർബന്ധമാക്കിയത്.  2019 വരെ കേരളം ഇതിൽ ഇളവ് നൽകി അധ്യാപക നിയമനങ്ങൾ തുടർന്നു.  ഈ പരീക്ഷ ജയിക്കുന്നവർക്കേ നിയമനം ലഭിക്കൂ എന്ന നിബന്ധന കർശനമാക്കിയത് പിന്നീടാണ്.

കെ–ടെറ്റ് യോഗ്യത ഇല്ലാതെ  നിയമനം നേടിക്കഴിഞ്ഞവരും ഈ പരീക്ഷ ജയിക്കണം. ഇല്ലെങ്കിൽ സ്ഥാനക്കയറ്റവും ഇൻക്രിമെന്റും അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം തടസ്സപ്പെടും. ഇതുവരെ യോഗ്യത നേടാനാകാത്തവർക്കു മാത്രമായാണു പ്രത്യേക പരീക്ഷ കഴിഞ്ഞ മാസം നടത്തിയത്.  

സാധാരണ  500 രൂപയാണ് ഫീസെങ്കിൽ  പ്രത്യേക പരീക്ഷയ്ക്കായി 1000 രൂപ ഈടാക്കി. സിലബസിനു പുറത്തു നിന്നുള്ള ചോദ്യങ്ങളടക്കം കഠിനമായിരുന്നു പരീക്ഷയെന്നും ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകണമെന്നും ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ക്യുഐപി യോഗത്തിൽ സംഘടനാ പ്രതിനിധികൾ  ഈ പരാതി ഉന്നയിച്ചു. എന്നാൽ സിലബസിനകത്തു നിന്നുള്ള ചോദ്യങ്ങളേ ഉള്ളൂവെന്നാണ് പരീക്ഷാ ഭവൻ അധികൃതരുടെ വിശദീകരണം.

സർവീസിലുള്ളവരെ സഹായിക്കാനെന്ന പേരിൽ ഇരട്ടി ഫീസ് വാങ്ങി കഠിനപരീക്ഷ നടത്തി  വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ വഞ്ചിച്ചതായി കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ആരോപിച്ചു. സാധാരണ  കെ–ടെറ്റ് പരീക്ഷയിൽ  20–25 ആണ് വിജയ ശതമാനം.

Content Summary :

Kerala Teachers' Eligibility Test Crisis: Only 8.6% In-Service Educators Pass Special Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com