എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം: അന്തിമവാദം 20ന്

Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്നതു സുപ്രീം കോടതി ആറാഴ്ചത്തേക്കു മാറ്റി. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ ഹർജി ഇന്നലെ ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചില്ല. ജസ്റ്റിസ് വിശ്വനാഥൻ കേസിൽ നേരത്തേ അഭിഭാഷകനായി ഹാജരായിരുന്നു. ഇതു കണക്കിലെടുത്ത കോടതി മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചു. ഫെബ്രുവരി 20ന് അന്തിമ വാദത്തിനായി പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി.
ഇതിനിടെ, എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികകളിൽ നിയമനം നടത്താൻ കോടതി നിർദേശപ്രകാരം സമിതികൾ രൂപീകരിക്കാനുള്ള തീരുമാനവും ഇവയുടെ ചുമതലയും പ്രവർത്തന രീതിയും കേരള വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന-ജില്ലാതല സമിതികൾ രൂപീകരിക്കുന്നതിനുള്ള നിർദേശമാണു സത്യവാങ്മൂലത്തിലുള്ളത്.
നിലവിൽ നിയമനാധികാരം മാനേജർമാർക്കാണ്. ഭിന്നശേഷിക്കാർക്കു സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ മാനേജ്മെന്റ് നിയമനം നടത്തുന്നില്ലെന്നു കണ്ടെത്തിയാണു സമിതി രൂപീകരിക്കാൻ കോടതി നിർദേശിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡീഷനൽ ഡയറക്ടർ കൺവീനറുമായി 9 അംഗ സമിതിയായിരിക്കും സംസ്ഥാനതലത്തിൽ. അംഗപരിമിതരുടെ നിയമനങ്ങളിലെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകുകയാണ് സമിതിയുടെ ചുമതലയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 3 വെവ്വേറെ സമിതികൾ ജില്ലാ അടിസ്ഥാനത്തിൽ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.