ADVERTISEMENT

നീലഗിരിയുടെ പൈതൃക പട്ടികയിലുൾപ്പെട്ട ഗോത്ര സമൂഹമാണ് തോഡർ. തോഡരുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും എരുമകളുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. ഇന്ന് ഇവരുടെ എരുമകളും വംശനാശ ഭീഷണിയിലാണ്. ആചാരങ്ങളിലും സംസ്കാരത്തിലും വൈവിധ്യം പുലർത്തുന്ന ഈ ഗോത്ര സമൂഹം നീലഗിരി കുന്നുകളിൽ മന്ത് എന്നറിയപ്പെടുന്ന കൊച്ചു ഗ്രാമങ്ങളിലാണ് താമസം. എരുമ വളർത്തലും നെയ്ത്തും പ്രധാന തൊഴിൽ. പാലും പാലുൽപന്നങ്ങളും പ്രധാന ഭക്ഷണം. പൂർണമായും സസ്യാഹാരികളാണ്. തോഡർക്കു വേണ്ടി മാത്രം ദൈവം സൃഷ്ടിച്ച മൃഗമാണ് എരുമയെന്നാണ് ഇവരുടെ വിശ്വാസം.

തോഡരുടെ എരുമകളുടെ കൊമ്പ് 1.5 മീറ്റർ വരെ വളരും. കാട്ടുപോത്തുകളുടെ പുഷ്ടിയാണ് ശരീരത്തിന്. ഇവർക്കല്ലാതെ ആർക്കും ഈ എരുമകളെ അടുത്തു പോകാൻ കഴിയില്ല. ഓരോ കുടുംബത്തിനും എരുമകൾ ഉണ്ടാകും. കുടുംബത്തിലെ അംഗത്തിന് തുല്യമാണ് എരുമകൾ. ഇണചേർക്കുന്നതിനു മാത്രമാണു പോത്തുകളെ വളർത്തുന്നത്. പോത്തുകളെ അധികമായാൽ കാട്ടിൽ കൊണ്ടുപോയി വിടും. സർവപ്രതാപത്തോടെ കാട്ടിൽ വളരുന്ന പോത്തുകൾ വല്ലപ്പോഴും ഇവരുടെ ഗ്രാമങ്ങളിൽ എത്തി പരിചയം പുതുക്കുന്നു. പോത്തുകളെ പിന്നീട് സംഘം ചേർന്ന് പിടികൂടി വ്യാപാരികൾക്ക് വിൽക്കും. കുടുംബത്തിൽ മരണം നടന്നാൽ എരുമകളെയും ഇവർ ബലി നൽകും. 

toda-buffaloes-disappear-from-nilgiris
തോഡർ ഗോത്ര സമൂഹം വളർത്തുന്ന എരുമകൾ.

ലോകത്തിലെ അപൂർവ എരുമകൾ

തോഡരുടെ ആചാരങ്ങളിൽ പോത്തുകൾക്ക് വലിയ സ്ഥാനം നൽകാറില്ല. തോഡരുടെ അംഗസംഖ്യ ഇന്ന് ഏകദേശം 2000 വരും. ഇവരുടെ എരുമകളും കുറഞ്ഞു തുടങ്ങി. മുൻപ് ഒരു കുടുംബത്തിന് 100 എരുമകൾ വീതമുണ്ടായിരുന്നു. ലോകത്തിലെവിടെയും ഈ ജനുസ്സുകൾപ്പെട്ട എരുമകളില്ല. മേച്ചിൽ നിലങ്ങൾ കുറഞ്ഞതും എരുമക്കുഞ്ഞുങ്ങളുടെ മരണ നിരക്ക് വർ‌ധിച്ചതുമാണ് കുറയാൻ കാരണം. പരമ്പരാഗതമായി തോഡർക്കുണ്ടായിരുന്ന മേച്ചിൽ സ്ഥലങ്ങൾ വനം വകുപ്പിന്റെ അധീനതയിലായി. 

വനത്തിലേക്ക് ഇവർക്ക് പ്രവേശനം നിഷേധിച്ചു. പുൽ മൈതാനങ്ങളിൽ വനം വകുപ്പ് യൂക്കാലി മരം വച്ചു പിടിപ്പിച്ചു. വനത്തിൽ മേയാൻ പോകുന്ന എരുമകൾ പലപ്പോഴും തിരിച്ചെത്താറില്ല.

കുന്നുകൾ കടന്ന് നഗരത്തിലേക്ക് തോഡർ

തോഡർ സ്വതവേ ശാന്തശീലരാണ്. കാറ്റു വീശുന്ന കുന്നുകളിൽ നിന്ന് താഴ്‌വരകൾ കടന്ന് തോഡരും യാത്ര തുടങ്ങി. നഗരത്തിന്റെ തിരക്കിൽ പുതിയ തലമുറ ഊളിയിട്ടു. പുതിയ ജീവിത രീതികൾ എളുപ്പം സ്വീകരിച്ചു തുടങ്ങി. ചുവപ്പും കറുപ്പും വെളുപ്പും നിറങ്ങളിൽ സ്വയം നെയ്തെടുത്ത മേൽമുണ്ടു പുതച്ച് ഒന്നിലും പരിഭവമില്ലാതെ നഗരത്തിന്റെ തിരക്കിലേക്ക് ഇവരും മറയുന്നു.

എങ്കിലും കുന്നിൽ മുകളിലെ പാരമ്പര്യത്തെകൈവിടാൻ തയാറല്ല. ഗൃഹാതുരത്വമുള്ള ഈ സങ്കേതങ്ങളിലേക്ക് ഇവർ പതിവു തെറ്റാതെ എത്തും. അത്രയുമധികം ജീവിതഗന്ധിയായ പുരാവൃത്തങ്ങളെ എളുപ്പം കളയാനാകില്ലെന്ന വിശ്വാസം തന്നെയാണ് ഇവർ മുറുകെ പിടിക്കുന്നത്. ഇവരുടെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com