ADVERTISEMENT

റഷ്യയിലെ ഷെരെഗേഷ് ഖനിയിലുള്ള  സ്കി റിസോർട്ടിന് സമീപം പ്രത്യക്ഷപ്പെട്ടത് 100 അടി വ്യാപ്തിയുള്ള ഭീമാകാര ഗർത്തം. നരകത്തിലേക്ക് തുറക്കുന്ന വാതിൽ എന്നാണ് കാഴ്ചയിൽ തന്നെ ഭീകരത ഉളവാക്കുന്ന ഈ ഗർത്തത്തിന് വിളിപ്പേര് ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ ജനവാസ മേഖലയിൽ തന്നെയാണ് ഗർത്തം രൂപീകൃതമായിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടി കഴിഞ്ഞു.

ഇത്തരത്തിൽ ഭൂമി ഇടിയാനുള്ള സാധ്യത സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുൻപുതന്നെ തിരിച്ചറിഞ്ഞതിനാൽ ഇവിടെ സ്ഥിതി ചെയ്തിരുന്ന നാലുകുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.  അവധിക്കാല വസതികളായി ഉപയോഗിച്ചിരുന്ന വീടുകളാണിതെന്നാണ് വിവരം. ഇതിൽ ഒരു വീട്ടിൽ നിന്നും ഏതാനും ഇഞ്ചുകൾ അകലെ മാത്രമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ ആളുകളെ മുൻപു തന്നെ മാറ്റിയതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുന്നറിയിപ്പിനെ തുടർന്ന് ഖനിയുടെ പ്രവർത്തനവും നിർത്തലാക്കിയിട്ടുണ്ട്.

സ്റ്റീൽ നിർമാതാക്കളായ എവ്റാസ് എന്ന വൻകിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയാണിത്. ഖനിയിൽ സുപ്രധാന നിക്ഷേപം നടത്താൻ പോകുന്നതായി കമ്പനി പ്രഖ്യാപിച്ച് അധികം വൈകും മുമ്പാണ് ഗർത്തം രൂപപ്പെട്ടത്. നിലവിൽ ഗർത്തം അതേ നിലയിൽ തന്നെ തുടരുകയാണെങ്കിലും ഭാവിയിൽ അത് നികത്തിയെടുക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെയും എവ്റാസിന്റെയും ഉദ്ദേശം.  ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കീ റിസോർട്ട് റഷ്യയിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. ആറുമാസം നീണ്ടുനിൽക്കുന്ന സീസണാണ് ഇവിടുത്തെ പ്രത്യേകത. റിസോർട്ടിലെ ചില മേഖലകളിൽ നാലു മീറ്റർ ആഴത്തിൽ വരെ മഞ്ഞുവീഴ്ചയും ഉണ്ടാവാറുണ്ട്. ‌

അതേസമയം ഇത്തരമൊരു പ്രതിഭാസത്തെക്കുറിച്ച് മുൻകൂട്ടി അറിയാൻ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതതെന്ന് ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥർ പറയുന്നു. ഖനിയുടെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റഷ്യയിലെ 60 ശതമാനം കൽക്കരിയും 14 ശതമാനം സ്റ്റീലും ഉൽപാദിപ്പിക്കപ്പെടുന്നത് ഈ മേഖലയിൽ നിന്നുമാണ്.

 

English Summary: 'Gate to Hell' sinkhole opens near Russian ski resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com