ചോരച്ചുവപ്പുള്ള കറയുമായി ഒരു മരം! അദ്ഭുതമരങ്ങൾ നിറഞ്ഞുനിൽക്കുന്ന യമനിലെ ദ്വീപ്
Mail This Article
ഒരുപാട് ചെടികളും മരങ്ങളും ജീവികളെയും നേരിട്ടും ചിത്രങ്ങളിലൂടെയുമൊക്കെ കണ്ടിട്ടില്ലേ. ചിലയിടങ്ങളിൽ മാത്രം കാണുന്ന സസ്യങ്ങളെയും ജീവികളെയും അക്കൂട്ടത്തിൽ ശ്രദ്ധിച്ചിട്ടുണ്ടോ. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണ് ഇത്തരം എൻഡമിക് സ്പീഷീസുകൾക്കു (ദേശജാതി) കാരണം. വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ കാഴ്ചയൊരുക്കുന്ന ഭൂമിയിലെ മൂന്നു മായാലോകങ്ങൾ പരിചയപ്പെടാം.
സൊകോട്ര–ഏഷ്യൻ രാജ്യമായ യെമനിലെ അദ്ഭുത ദ്വീപാണ് സൊകോട്ര. ഇവിടത്തെ മരങ്ങളിൽ മൂന്നിലൊന്നും ഭൂമിയിൽ മറ്റൊരിടത്തും കാണാനാകില്ല. നിവർത്തിയ കുടയുടെ ആകൃതിയുള്ള ഡ്രാഗൺ ബ്ലഡ് ട്രീയാണു കൂട്ടത്തിലെ താരം. സാധാരണ മരങ്ങളുടെ കറ വെള്ള നിറത്തിലോ നിറമില്ലാത്തതോ ആണെങ്കിൽ ഡ്രാഗൺ ബ്ലഡ് ട്രീയുടെ കറയ്ക്കു നിറം ചോരച്ചുവപ്പാണ്.
തടിയൻ മരമായ കുക്കുംബർ ട്രീ, കുപ്പി പോലെയുള്ള പൂമരം ഡെസേർട് റോസ് തുടങ്ങിയവയും ഇവിടത്തെ അദ്ഭുതക്കാഴ്ചകൾ. ചെറിയ കാലുകളും നീണ്ട ശരീരവുമായി പാമ്പിനെ അനുസ്മരിപ്പിക്കുന്ന പല്ലി, വിവിധ നിറങ്ങളിലെ ഞണ്ടുകൾ എന്നിങ്ങനെ എണ്ണൂറോളം എൻഡമിക് വർഗങ്ങൾ സൊകോട്രയിലുണ്ട്.
ഓസ്ട്രേലിയ–സഞ്ചിമൃഗങ്ങൾ (മാർസൂപിയൽസ്) ഉൾപ്പെടെ അപൂർവ ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഓസ്ട്രേലിയ. കംഗാരുവാണു സഞ്ചിമൃഗങ്ങളിൽ പ്രധാനി. ക്വോല, വോംബാറ്റ്, വാലബി, ടാസ്മാനിയൻ ഡെവിൾ തുടങ്ങിയവയും ഈ വിഭാഗത്തിൽപെടുന്നു. കുട്ടികളെ ആദ്യനാളുകളിൽ അമ്മമൃഗം സഞ്ചിയിൽ വഹിക്കാറുണ്ട്.
ഓസ്ട്രേലിയയിലെ ടാസ്മാനിയ മേഖലയിൽ മാത്രമുള്ള അപൂർവ ജീവിയാണു ടാസ്മാനിയൻ ഡെവിൾ. ഒറ്റനോട്ടത്തിൽ താറാവിനെപ്പോലെയുള്ള, മുട്ടയിടുന്ന ഏക സസ്തനിയായ പ്ലാറ്റിപസും ഈ മേഖലയിൽ നിന്നുള്ളവയാണ്. തങ്ങളെ പറ്റിക്കാനായി വിവിധ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൂട്ടിത്തയ്ച്ച് ആരോ ഉണ്ടാക്കിയ സാധനമെന്നാണ് പ്ലാറ്റിപസിനെ ആദ്യകാലത്തു കണ്ടപ്പോൾ യൂറോപ്യൻ ശാസ്ത്രജ്ഞർ വിചാരിച്ചത്!
45 മീറ്റർ നീളമുള്ള സൈഫനോഫോർ എന്ന വിരുതനെയും അടുത്തിടെ ഓസ്ട്രേലിയൻ തീരത്തു കണ്ടെത്തിയിരുന്നു. ഇത് ഒരു ജീവിയല്ലെന്നും മറിച്ച് കുറെ ചെറുജീവികളുടെ കൂട്ടമെന്നുമാണു ശാസ്ത്രജ്ഞരുടെ അനുമാനം.
ഗലാപഗോസ്–എൻഡമിക് ജീവികളുടെ പറുദീസയാണ് ഗലാപഗോസ് ദ്വീപസമൂഹം. ചാൾസ് ഡാർവിന്റെ തിയറി ഓഫ് ഇവല്യൂഷൻ എന്ന പ്രശസ്ത പുസ്തകത്തിൽ ഇടംനേടിയിട്ടുണ്ട് തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഈ ദ്വീപ്. ജീവികൾ ആദിമകാലത്തു കടലിലൂടെ ദ്വീപിലേക്കെത്തിയെന്നാണു വിശ്വാസം. ഗലാപഗോസിലെ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാനായി അവ സ്വയം പരിഷ്കരിച്ചത്രെ.
ഏറെ മൃഗവിഭാഗങ്ങൾ ഇവിടെയില്ലെങ്കിലും ഉള്ളവ തീർത്തും വ്യത്യസ്തമാണ്. വേട്ടക്കാരോ തങ്ങളെ ഇരയാക്കുന്ന മൃഗങ്ങളോ ഇല്ലാത്തതിനാൽ ഇവിടത്തെ ജീവികൾക്കു നല്ല ധൈര്യമാണ്. ആരെക്കണ്ടാലും പേടിച്ചോടില്ല.
200 കിലോയിലേറെ ഭാരമുള്ള ഭീമൻ ആമകളാണു താരങ്ങൾ. ദ്വീപിനു പേരു ലഭിച്ചതും ഇവയിൽനിന്നാണ്. ഗലാപഗോസ് എന്നാൽ സ്പാനിഷിൽ ആമ എന്നർഥം. കടലിൽ ജീവിക്കുന്ന ഇഗ്വാന (ഒരിനം ഓന്തുവർഗം), പക്ഷികളായ ഫിഞ്ച്, ബൂബി, കടൽസിംഹങ്ങൾ, ചെറു പെൻഗ്വിൻ തുടങ്ങിയവയും ഇവിടെയുണ്ട്.