ADVERTISEMENT

ലോകത്തിലെ ഏറ്റവും വിദൂരത്തുള്ള ദ്വീപെന്ന റെക്കോർഡിന് ഉടമ ബൂവെ ഐലൻഡ് എന്ന വടക്കൻ അന്റാർട്ടിക് ദ്വീപാണ്. നോർവേയുടെ അധീനതയിലുള്ള ഈ ദ്വീപ് സബ്അന്റാർട്ടിക് ഗണത്തിൽപെടുന്നതാണ്. അന്റാർട്ടിക്കയുടെ പ്രിൻസസ് ആസ്ട്രിഡ് തീരത്തിന് 1700 കിലോമീറ്റർ വടക്കായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.‌‌ മറ്റു കരഭാഗങ്ങളിൽ നിന്നെല്ലാം ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരത്തായതാണ് ഈ ദ്വീപിനെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപെന്ന് വിളിക്കാൻ കാരണം.

ഏകദേശം 49 ചതുരശ്ര കിലോമീറ്ററാണ് ബൂവെ ഐലൻഡിന്റെ വിസ്തീർണം. ഇതിന്റെ 93 ശതമാനം ഭൂമേഖലയും ഒരു ഹിമാനിയാണ്. 1739ൽ ഫ്രഞ്ചുകാരനായ യീൻ ചാൾസ് ബൂവി ഡി ലോസിയറാണ് ഈ ദ്വീപ് കണ്ടെത്തിയത്. എന്നാൽ അദ്ദേഹം ഈ ദ്വീപിൽ ഇറങ്ങിയില്ല. ഇതിന്റെ അക്ഷാംശവും രേഖാംശവും അബദ്ധത്തിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു.

(Photo: X/@1337nubcakes)
(Photo: X/@1337nubcakes)

പിന്നീട് 1808 വരെ ആരും ഈ ദ്വീപ് കണ്ടെത്തിയില്ല. 1808ൽ ബ്രിട്ടിഷ് തിമിംഗലവേട്ടക്കാരനായ ജെയിംസ് ലിൻഡ്സേ ഈ ദ്വീപ് കണ്ടെത്തുകയും ഇതിന് ലിൻഡ്സേ ദ്വീപെന്ന് പേരിടുകയും ചെയ്തു. 1927ൽ ഒരു നോർവീജിയൻ പര്യവേക്ഷണ വാഹനം ഇവിടെയെത്തുകയും ഈ ദ്വീപ് നോർവേയുടെ അധീനതയിലാക്കുകയും ചെയ്തു. ചുരുക്കത്തിൽ പറഞ്ഞാൽ ഉത്തരധ്രുവമേഖലയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന നോർവേ എന്ന രാജ്യത്തിന് ദക്ഷിണധ്രുവമേഖലയ്ക്കരികിലുള്ള അധീനഭൂമിയാണ് ഈ ദ്വീപ്.

ദുർഘടമായ കാലാവസ്ഥയുള്ള ഈ ദ്വീപ് ജനവാസമില്ലാത്തതാണ്. എന്നാൽ ചില സ്ഥാപനങ്ങളും റിസർച് സ്റ്റേഷനുകളുമൊക്കെ നോർവേ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചില നോർവേക്കാർ സീസൺ അടിസ്ഥാനത്തിൽ ഇവിടെ താമസിക്കാറുണ്ട്.

ബൂവെ ഐലൻഡ് (Photo:X/@horrorsig)
ബൂവെ ഐലൻഡ് (Photo:X/@horrorsig)

ഈ ദ്വീപിനെ കുപ്രസിദ്ധമാക്കിയ ഒരു സംഭവമുണ്ട്. 1964ൽ ഈ ദ്വീപിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ലൈഫ്ബോട്ട് നൗക കണ്ടെത്തി. എന്നാൽ ഈ നൗകയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ആരാണ് ഈ നൗക ഇവിടെ കൊണ്ടുവന്നത്? ഇതിലെ യാത്രക്കാർ എവിടെപ്പോയി തുടങ്ങിയ ചോദ്യങ്ങൾ ഉത്തരമില്ലാതെ നിലനിൽക്കുന്നു. പ്രശസ്ത ഹൊറർ ചിത്രമായ ഏലിയൻസ് വേഴ്സസ് പ്രിഡേറ്റേഴ്സ് ഷൂട്ട് ചെയ്തതും ഈ ദ്വീപിലാണ്.

English Summary:

Discover Bouvet Island: The World’s Most Remote and Isolated Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com