‘ജുറാസിക് പാർക്ക്’ സിനിമയിലെ വില്ലൻമാർ; പറക്കുന്ന ടെറർ! അരിവാൾ പോലെ നഖങ്ങളുണ്ടായിരുന്ന ഭീകരജീവി
Mail This Article
ഭൂമിയുടെ ആധിപത്യം ഇന്നു മനുഷ്യർക്കുള്ളതുപോലെ ആയിരുന്നു ഒരുകാലത്ത് ദിനോസറുകൾക്ക്. മനുഷ്യരുടെ പൂർവികജീവികൾ പോലും പ്രത്യക്ഷപ്പെടുന്നതിനു മുൻപുള്ള മീസോസോയിക് യുഗത്തിലായിരുന്നു ഇവ ഭൂമിയിൽ റോന്തുചുറ്റിയത്. മീസോസോയിക് യുഗത്തിലെ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനം ഇവ ഭൂമിയിൽ ഉത്ഭവിച്ചു. പിന്നീട് ജുറാസിക്, ക്രെറ്റേഷ്യസ് എന്നീ 2 കാലഘട്ടങ്ങളിൽ ഇവ പ്രബലരായി. എന്നാൽ ക്രെറ്റേഷ്യസ് കാലഘട്ടത്തിനു ശേഷം ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി. 6.6 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൂട്ടവംശനാശത്തിലാണ് ദിനോസറുകൾ അപ്രത്യക്ഷരായതെന്നു ശാസ്ത്രജ്ഞർ പറയുന്നു.
ദിനോസറുകളെക്കുറിച്ചുള്ള കഥ നമ്മോട് പറഞ്ഞ ജുറാസിക് പാർക്ക് 1993ൽ പുറത്തിറങ്ങി. ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദിനോസർ ടൈറനോസറസ് റെക്സ് എന്നറിയപ്പെടുന്ന ദിനോസറാണ്. എന്നാൽ ചിത്രത്തിലെ ഒട്ടേറെ ഭയമുളവാക്കുന്ന സീനുകൾ സൃഷ്ടിച്ചത് വെലോസിറാപ്റ്ററുകൾ എന്ന ദിനോസറുകളാണ്. റാപ്റ്ററുകൾ എന്നു ചുരുക്കി വിളിക്കുന്ന ഇവ ഡൈനോനിക്കസ് ദിനോസറുകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു (യഥാർഥത്തിലെ വെലോസിറാപ്റ്ററുകൾ മംഗോളിയയിലുണ്ടായിരുന്ന ടർക്കിക്കോഴിയുടെ അത്രമാത്രം വലുപ്പമുള്ള ദിനോസറുകളാണ്). ഡൈനോനിക്കസ് എന്ന പേരിനു പഞ്ച് കുറവായതിനാൽ ചിത്രത്തിൽ വെലോസിറാപ്റ്റർ എന്ന പേര് കടമെടുക്കുകയായിരുന്നു.
ജുറാസിക് പാർക്കിൽ കുട്ടികളായ ലെക്സിനെയും ടിമ്മിനെയും അടുക്കളയിൽ ദിനോസറുകൾ വേട്ടയാടാനെത്തുന്ന സീൻ ഏറെ പരിഭ്രമിപ്പിക്കുന്നതാണ്. ഈ സീനിൽ പ്രത്യക്ഷപ്പെടുന്ന ദിനോസറുകളും ഡൈനോനിക്കസാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ രക്ഷപ്പെടുന്നവരെ ആക്രമിക്കാനെത്തുന്ന വില്ലൻമാരും ഇവ തന്നെ. ഇവയെ ചിത്രത്തിൽ ടി.റെക്സ് കൊല്ലുന്നതായാണു പിന്നീട് കാണിക്കുന്നത്.
9 അടി നീളമുണ്ടായിരുന്ന ഈ ദിനോസറുകൾ വടക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു ജീവിച്ചത്. അരിവാൾ പോലെ വളഞ്ഞിരുന്ന ഈ മൂർച്ചയേറിയ കാൽനഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. യുഎസിലെ മൊണ്ടാന, യൂട്ടാ, വ്യോമിങ്,ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഇവയുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
10 കോടി വർഷം പഴക്കമുള്ള ദിനോസറാണ് ഹെക്ടർ. ഡൈനോനിക്കസ് വിഭാഗത്തിൽ പെടുന്ന ഹെക്ടറിന്റെ ഫോസിൽ ഒരിക്കൽ ലേലത്തിൽ വച്ചപ്പോൾ 93 കോടി രൂപയാണ് ലഭിച്ചത്. 2013ൽ യുഎസിലെ മൊണ്ടാന സംസ്ഥാനത്തു നിന്നാണു ഹെക്ടറിനെ കിട്ടിയത്.