എസ് പോലെ വളഞ്ഞ കഴുത്തുമായി ഒരു വിചിത്ര ജിറാഫ്! കണ്ടത് ദക്ഷിണാഫ്രിക്കയിൽ
Mail This Article
ജനിതകപരമായ വ്യതിയാനങ്ങൾ ജന്തുലോകത്ത് പല അപൂർവതകൾക്കും കാരണമാകാറുണ്ട്. വിരലുകളുള്ള ഡോൾഫിനുകൾ, വളഞ്ഞ നട്ടെല്ലുള്ള തിമിംഗലങ്ങൾ തുടങ്ങി അനേകം കൗതുകകരമായ ജീവികൾ ജനിതക വ്യതിയാനങ്ങൾ മൂലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയ ജീവി എത്തുകയാണ്. എസ് പോലെ വളഞ്ഞ കഴുത്തുള്ള ഒരു ജിറാഫ്. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ വനോദ്യാനത്തിലാണ് ഈ ജീവിയെ കണ്ടെത്തിയത്. സിംബാബ്വെയുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിലെത്തിയ ട്രാവൽ ബ്ലോഗറായ ലിൻഖ്വിൻഡ സ്‌കോട്ടാണ് ഈ ജിറാഫിന്‌റെ ചിത്രങ്ങളെടുത്തത്. ലിൻഖ്വിൻഡ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെ സംഭവം വൈറലായി.
സാധാരണ രീതിയിലുള്ള മറ്റൊരു ജിറാഫിനൊപ്പമാണ് ഈ വളഞ്ഞ കഴുത്തുള്ള ജിറാഫിനെയും കണ്ടത്. മൂന്ന് കാരണങ്ങളാണ് ഈ വളഞ്ഞകഴുത്തിനു പിന്നിലുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നത്. ഒന്ന് ജനിതകവ്യതിയാനം. ഇതു മൂലം ഈ ജിറാഫ് ജനിച്ചപ്പോഴേ ഇങ്ങനെയായിരിക്കാം. രണ്ടാമത്തെ കാരണം കഴുത്തിനെ ബാധിക്കുന്ന ടോർട്ടികോലിസ് അല്ലെങ്കിൽ വ്രൈനെക്ക് എന്ന അവസ്ഥയാണ്. ഇതാണു കാരണമെങ്കിൽ ജിറാഫിന് ജന്മനാ കുഴപ്പങ്ങളൊന്നുമുണ്ടായിരിക്കില്ല. വളർന്നു വന്ന അവസ്ഥയിലാകാം അതിന്റെ കഴുത്ത് വളയാൻ തുടങ്ങിയത്. 1980ൽ ജെമീന എന്നൊരു ജിറാഫ് സാൻ ഡീഗോ ദേശീയോദ്യാനത്തിൽ ജനിച്ചിരുന്നു. ഇതിനു പിന്നീട് വ്രൈനെക്ക് അവസ്ഥ കണ്ടെത്തി.
മൂന്നാമതൊരു സിദ്ധാന്തം ജിറാഫ് മറ്റൊരു ജിറാഫുമായി മൽപിടിത്തത്തിലേർപ്പെട്ടതുമൂലമുണ്ടായ പരുക്കാണ് അവസ്ഥയ്ക്ക് വഴിവച്ചതെന്നു പറയുന്നു. ആൺജിറാഫുകൾ അന്യോന്യം മൽപിടിത്തം നടത്താറുണ്ട്. കഴുത്തുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഇവയുടെ പോരാട്ടങ്ങൾ.