ADVERTISEMENT

വനപ്രദേശത്തിന് സമീപത്തുവച്ച് പശുക്കിടാവിനെ അപ്പാടെ ജീവനോടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്.  ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പരാന എന്ന ഗ്രാമത്തിലെ യമുന വനത്തിന് സമീപത്ത് കന്നുകാലികളെ മേയ്ച്ചിരുന്നവരാണ് പെരുമ്പാമ്പ് പശുക്കിടാവിനെ വിഴുങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷികളായത്. ഇവർ ഇരവിഴുങ്ങുന്ന നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തുമ്പോഴേക്കും പശുക്കിടാവിന്റെ ശരീരത്തിന്റെ പകുതി ഭാഗവും പാമ്പിന്റെ വായയ്ക്കുള്ളിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം പ്രദേശവാസികൾ ഇവിടെ തടിച്ചുകൂടി. ഇവരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എത്രയും വേഗം പശുക്കിടാവിനെ പുറത്തെടുക്കാനായാൽ അതിനെ ജീവനോടെ രക്ഷപ്പെടുത്താം എന്ന കണക്കുകൂട്ടലിലായിരുന്നു നാട്ടുകാർ. അതിനായി ഇവർ പെരുമ്പാമ്പിന് ചുറ്റുമായി നിലകൊണ്ടു. വലിയ കമ്പുകളും വടികളുംകൊണ്ട് പാമ്പിന്റെ വായഭാഗം അല്പം കൂടി പിളർത്തി പശുക്കിടാവിനെ പുറത്തെടുക്കാനായിരുന്നു നീക്കം. 

ആളുകൾ ഓടിക്കൂടിയ നടുക്കത്തിൽ ഇരയെ വിഴുങ്ങാനും പുറത്തു തള്ളാനും  പറ്റാത്ത അവസ്ഥയിൽ പെരുമ്പാമ്പും നിലകൊണ്ടു. കമ്പുകൾ ഉപയോഗിച്ച് പശുക്കിടാവിനെ തള്ളി പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങൾ വിഫലമായിരുന്നു.  അതിനോടകം പെരുമ്പാമ്പിന്റെ വായ്ക്കുള്ളിൽ തന്നെ ശ്വാസംമുട്ടി പശുക്കിടാവിന്റെ ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. 

പശുക്കിടാവിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ ഉടൻ തന്നെ നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ എത്തിയില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. പാമ്പിന്റെ വായയ്ക്കുള്ളിൽ നിന്നും  പശുക്കിടാവിനെ പുറത്തെടുക്കേണ്ടത് എങ്ങനെയെന്ന് നാട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ യഥാസമയം സ്ഥലത്തെത്തിയിരുന്നെങ്കിൽ പശുക്കിടാവിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ജഡം പുറത്തെടുത്ത ശേഷം പെരുമ്പാമ്പിനെ നാട്ടുകാർ തന്നെ പിടികൂടി വന മേഖലയിലേയ്ക്ക് തുറന്നു വിട്ടു.

English Summary:

Python Swallows Calf Whole in Shocking Incident Near Agra Forest!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com